
ഉസ്‌ബെക്കിസ്ഥാനില്‍ മലയാളി എം.ബി.ബി.എസ്. വിദ്യാര്‍ത്ഥിനി സാവരിയ (22) കൊല്ലപ്പെട്ട സംഭവത്തില്‍ കേരള പൊലീസും കേസെടുത്തു. പെരിന്തല്‍മണ്ണ സ്വദേശിയായ പ്രതി സദറുല്‍ അനമിനെതിരെ കൊലക്കുറ്റം ചുമത്തി ഹരിപ്പാട് പൊലീസാണ് കേസെടുത്തത്. ഇന്ന് പുലര്‍ച്ചെയോടെ കൊച്ചിയിലെത്തിച്ച മൃതദേഹം, രാവിലെ 11 മണിയോടെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ വെച്ച് റീ-പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കും. തുടര്‍ന്ന് വൈകുന്നേരം നാല് മണിയോടെ സംസ്‌കാര ചടങ്ങുകൾ നടക്കും.പെണ്‍കുട്ടിയുടെ ശരീരത്തില്‍ കൂടുതൽ മുറിവുകളുണ്ടെന്നും പ്രതി മുന്‍പും മകളെ ഉപദ്രവിച്ചിരുന്നതായും കുടുംബം ആരോപിക്കുന്നു. ഇതേത്തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ പിതാവ് ബസന്ത്, റീ-പോസ്റ്റ്‌മോര്‍ട്ടം ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. പ്രതി സാവരിയയെ നേരത്തെയും ദേഹോപദ്രവം ഏല്‍പ്പിച്ചിരുന്നതായി ഹോസ്റ്റലിലെ സഹപാഠികള്‍ ബുഖാറ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കൊലപാതകത്തിന് ശേഷം പെണ്‍കുട്ടി താഴെ വീണതാണെന്ന് പറഞ്ഞാണ് പ്രതി ആശുപത്രിയില്‍ എത്തിച്ചിരുന്നത്. ആദ്യഘട്ടത്തിൽ ഇയാൾ കുറ്റം സമ്മതിച്ചിരുന്നില്ല.പ്രതി സദറുല്‍ അനം നിലവില്‍ ഉസ്‌ബെക്കിസ്ഥാൻ പൊലീസിന്റെ കസ്റ്റഡിയിലാണ്. ഇന്ത്യയും ഉസ്‌ബെക്കിസ്ഥാനും തമ്മിലുള്ള നയതന്ത്ര കരാര്‍ അനുസരിച്ച് ഇരയും പ്രതിയും ഇന്ത്യക്കാരായതിനാല്‍ കേസ് വിട്ടുനല്‍കാന്‍ ഇന്ത്യയ്ക്ക് ആവശ്യപ്പെടാനാകും. കേസിന്റെ വിചാരണ കേരളത്തിലാക്കാനാണ് സാധ്യതയെന്നും, ഇതിനായി പ്രതിയുടെ കുടുംബവും ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിവരങ്ങളുണ്ട്.കഴിഞ്ഞ ജൂലൈ 3-നാണ് ആലപ്പുഴ ഹരിപ്പാട് പിലാപ്പുഴ പുതുക്കാട്ട് സുപ്രഭ ഭവനത്തില്‍ ബസന്ത്-മിനി ദമ്പതികളുടെ മകളായ സാവരിയ കോളേജ് ഹോസ്റ്റലില്‍ വെച്ച് കൊല്ലപ്പെടുന്നത്. ഒന്നാം വര്‍ഷ വിദ്യാർത്ഥിനിയായ മകളെ ഫോണില്‍ വിളിച്ച് കിട്ടാത്തതിനെ തുടര്‍ന്ന് കുടുംബം അന്വേഷിച്ചപ്പോഴാണ് കൊലപാതക വിവരം പുറംലോകമറിയുന്നത്. വാക്കുതര്‍ക്കത്തിനൊടുവിൽ പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് സദറുല്‍ അനം സാവരിയയെ ആക്രമിച്ചതെന്നാണ് ലഭ്യമാകുന്ന വിവരം.
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GhhH756JcVh4D0k6AwPlJJ?s=cl&p=a&ilr=4&amv=3
