പെരിന്തൽമണ്ണയിൽ ദാരുണം; ഭർത്താവ് തീക്കൊളുത്തിയ യുവതി മരിച്ചു; പ്രതി റിമാൻഡിൽ
പെരിന്തൽമണ്ണ: വീട്ടുസാധനങ്ങൾ വാങ്ങുന്നതിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തിയ യുവതി മരിച്ചു. അരക്കുപറമ്പ് മാട്ടറയ്ക്കൽ ഇബ്രാഹിംപടിയിലെ ഷഫ്ന (25) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്. സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് ചേരിക്കല്ലൻ മുൻഷാദിനെ (30) കോടതി റിമാൻഡ് ചെയ്തു. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു നാടിനെ നടുക്കിയ ക്രൂരകൃത്യം നടന്നത്. 70 ശതമാനത്തോളം പൊള്ളലേറ്റ ഷഫ്നയെ ആദ്യം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും നില വഷളായതിനെത്തുടർന്ന് പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഭാര്യയോടുള്ള സംശയവും വീട്ടുസാധനങ്ങൾ വാങ്ങുന്നതിനെച്ചൊല്ലിയുള്ള വാക്കുതർക്കവുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പെരിന്തൽമണ്ണ സ്റ്റേഷൻ ഇൻസ്‌പെക്ടർ സുമേഷ് സുധാകരൻ പറഞ്ഞു. അഞ്ചുമാസം മുൻപായിരുന്നു ഇവരുടെ വിവാഹം. ...



















