കോഡൂർ കുമ്പളങ്ങ പ്രതാപത്തിലേക്ക് മടങ്ങിവരുന്നു
വരിക്കോട്: ഒരുകാലത്ത് ദേശാന്തരങ്ങളിൽ ഗ്രാമത്തെ പ്രശസ്തമാക്കിയ കുമ്പളക്കൃഷിയിൽ പ്രതാപം വീണ്ടെടുക്കാനൊരുങ്ങുകയാണ് കോഡൂർ. പട്ടിണിയും അതിദാരിദ്ര്യവും നിറഞ്ഞ 1960-70 കാലത്ത് കോഡൂരിലെ കർഷകരുടെ ദുരിത ജീവിതത്തിന് അല്പമെങ്കിലും ആശ്വാസം നൽകിയിരുന്ന കാർഷികവിളയായിരുന്നു 'കോഡൂർ കുമ്പളങ്ങ'. കടലുണ്ടിപ്പുഴയുടെ ഓരത്ത് ഹെക്ടർ കണക്കിന് വിസ്തൃതിയുള്ള കോഡൂരിലെ വയലുകളിൽ ആദ്യകാലങ്ങളിൽ ഒന്നോ, രണ്ടോ വിള നെൽക്കൃഷി കഴിഞ്ഞാൽപ്പിന്നെ മരച്ചീനിക്കൃഷിയാണ് നിറഞ്ഞു നിന്നിരുന്നത്. പിന്നീടത് പച്ചക്കറിയിലേക്ക് മാറിയതോടെ കുമ്പളങ്ങയും വെള്ളരിയും മത്തനുമെല്ലാം ഇട കലർന്ന കൃഷിയായിമാറി.
ജൈവ വളങ്ങൾ മാത്രം ഉപയോഗിച്ചുള്ള കൃഷിയിടത്തിൽ ചെറിയതോതിലെങ്കിലും നടത്തിയ രാസവള പ്രയോഗത്തോടെ കുമ്പളത്തിന്റെ ഗുണമോന്മയിലുണ്ടാക്കിയ ഇടിവും ഇടനിലക്കാരുടെ വരവും വർഷങ്ങൾ നീണ്ടുനിന്ന കയറ്റുമതിയെ നിശ്ചലമാക്കി. ഇതോടെ കർഷകരിൽ കുറച്ചു പേരെങ്കിലും പ്രവാസം സ്വ...



















