Thursday, October 22News That Matters
Shadow

യുവ കായികപ്രതിഭകളെ വാർത്തെടുക്കാൻ കണ്ണമംഗലം ചാമ്പ്യൻസ് ലീഗ്

കണ്ണമംഗലം: യുവ കായികപ്രതിഭകളെ കണ്ടെത്തി മികച്ച താരങ്ങളായി വളർത്തിയെടുക്കുന്നതിനും ലഹരിക്കെതിരെ ശക്തമായ ബോധവൽക്കരണം സൃഷ്ടിക്കുന്നതിനുമായി കണ്ണമംഗലം ഗ്രാമപഞ്ചായത്ത് ‘നോ ഡ്രഗ്‌സ്’ സന്ദേശമുയർത്തി കണ്ണമംഗലം ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ (KCL) സംഘടിപ്പിക്കുന്നു. ടൂർണമെന്റിന്റെ ലോഗോ പ്രകാശനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി നിർവ്വഹിച്ചു. പഞ്ചായത്തിലെ 24 വാർഡുകളിലെയും ക്ലബ്ബുകളെ ഉൾപ്പെടുത്തി നടത്തിയ നറുക്കെടുപ്പിലൂടെ എട്ട് ടീമുകളെ ഇതിനകം തിരഞ്ഞെടുത്തു കഴിഞ്ഞു. മത്സരങ്ങളിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള യുവതാരങ്ങളിൽ നിന്ന് ഓൺലൈനായി രജിസ്ട്രേഷൻ ക്ഷണിച്ച് താരലേലത്തിലൂടെയായിരിക്കും (Auction) വിവിധ ടീമുകളിലേക്ക് കളിക്കാരെ തിരഞ്ഞെടുക്കുക. മത്സരങ്ങൾ വട്ടപ്പൊന്തയിലെ ശ്രീ ഇ. അഹമ്മദ് സാഹിബ് സ്റ്റേഡിയത്തിൽ വെച്ച് നടക്കും. മികച്ച പ്രകടനം പുറത്തെടുക്കുന്ന താരങ്ങൾക്ക് തുടർപരിശീലനം ഉറപ്പാക്കി ഫുട്ബോൾ, ക്രിക്കറ്റ്, ഷട്ടിൽ തുടങ്ങിയ വിവിധ കായിക ഇനങ്ങളിൽ ഉയർന്ന തലങ്ങളിലേക്ക് ഉയർത്തിക്കൊണ്ടുവരികയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ചടങ്ങിൽ കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സമീറ പുളിക്കൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജാസ്മിൻ അരിമ്പ്ര, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹുസൈൻ കാര്യവട്ടത്ത്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ നെടുമ്പള്ളി സൈതു, റൂഫിയ ചോല, ഷീന അനൂപ് എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പുള്ളാട്ട് ഷമീർ, ടി.കെ. കുഞ്ഞാലസ്സൻ, നംഷാദ് അമ്പലവൻ, ലത്തീഫ് മങ്ങാട്ടിൽ, മുബീന തൈക്കണ്ടി, യു. സക്കീന, ഉമ്മു സൽമത്ത് അരീക്കാട്ട്, കെ. സുബൈദ, പൂക്കുത്ത് മുജീബ്, ഇ.കെ. മുഹമ്മദ് കുട്ടി, ഇ.കെ. അസ്കർ അലി, പുള്ളാട്ട് റഫീക്ക്, മൻസൂർ കൊമ്പത്തിയിൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL