
വേങ്ങര: വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ച മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പോലീസിന്റെ പിടിയിലായി. പറപ്പൂർ പുഴച്ചാൽ സ്വദേശി പഴമഠത്തിൽ രവി (46) ആണ് അറസ്റ്റിലായത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ഡി.വൈ.എസ്.പിയുടെ നിർദ്ദേശപ്രകാരം പ്രതിയുടെ പുഴച്ചാൽ പടിഞ്ഞാറെ പാടത്തെ വീട്ടിൽ പോലീസ് സംഘം നടത്തിയ മിന്നൽ പരിശോധനയിലാണ് 2.6 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്. പ്രതി മുൻപും ലഹരിക്കേസിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണെന്നും വേങ്ങര സ്റ്റേഷനിലെ മറ്റൊരു കേസിലും ഇയാൾ പ്രതിയാണെന്നും പോലീസ് വ്യക്തമാക്കി. സബ് ഇൻസ്പെക്ടർ നൗഫൽ, സി.പി.ഒ ആതിര, മലപ്പുറം ഡാൻസാഫ് (DANSAF) സ്ക്വാഡ് അംഗങ്ങൾ എന്നിവരടങ്ങിയ സംഘമാണ് റെയ്ഡിന് നേതൃത്വം നൽകിയത്.
