
അരീക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനും സംഗീത സംവിധായകനും തബലിസ്റ്റുമായ കോഴിക്കോട് അബൂബക്കർ (അവുക്ക – 80) അന്തരിച്ചു. അരീക്കോട് ഉള്ളിശേരി കുന്നിലെ വീട്ടില്‍ ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അന്ത്യം. പക്ഷാഘാതം ബാധിച്ച് രണ്ടുമാസത്തോളമായി ചികിത്സയിലായിരുന്നു. മൂവായിരത്തോളം പാട്ടുകള്‍ക്ക് ഈണമിട്ടിട്ടുള്ള അബൂബക്കർ, കിടപ്പിലാകുന്നതിന് രണ്ടുദിവസം മുൻപ് വരെയും പുതിയ ഗാനങ്ങളുടെ ചിട്ടപ്പെടുത്തലിൽ സജീവമായിരുന്നു. കെ.ജെ യേശുദാസ്, കെ.എസ് ചിത്ര, എം.ജി ശ്രീകുമാർ തുടങ്ങിയ പ്രമുഖ ഗായകർ അദ്ദേഹത്തിന്റെ സംഗീതത്തിൽ പാടിയിട്ടുണ്ട്. ദേവരാജൻ മാസ്റ്റർ, ബോംബെ രവി എന്നിവരുടെ പ്രിയപ്പെട്ട തബലിസ്റ്റായിരുന്ന അദ്ദേഹം മാപ്പിളപ്പാട്ട് വേദികളിലെ നിറസാന്നിധ്യമായിരുന്നു. അന്തരിച്ച പ്രശസ്ത നടൻ മാമുക്കോയ സഹപാഠിയാണ്. ഭാര്യ: കെ.വി സുബൈദ.മക്കള്‍: ഗുലാം അലി, പരേതനായ ഫയാസ്, റോഷ്നി, ഫെമിന, സജിന.മരുമക്കള്‍: സലാം അസീസ്, അസീസ് കാഞ്ഞങ്ങാട്, സൗദാബി, അഫ്സീന.
