
ജില്ലയിലെ ബാലസംരക്ഷണ സ്ഥാപനങ്ങളില്‍ കഴിയുന്ന കുട്ടികള്‍ക്കായി ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന ”വേനല്‍ മഴ” അവധിക്കാല ക്യാംപിന് തുടക്കമായി. തവനൂര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ നടന്ന ക്യാംപ് ജില്ലാ കലക്ടര്‍ ഡോ. വിനയ് ഗോയല്‍ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സര്‍ഗ്ഗാത്മക ശേഷിയും ആത്മവിശ്വാസവും വളര്‍ത്തുന്ന ഇത്തരം കൂട്ടായ്മകള്‍ അവരുടെ ഭാവി പ്രകാശ പൂര്‍ണ്ണമാക്കാന്‍ സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അവധിക്കാലത്ത് വീടുകളിലേക്ക് പോകാന്‍ സാധിക്കാത്ത കുട്ടികളിലെ ഒറ്റപ്പെടല്‍ ഒഴിവാക്കി, അവര്‍ക്ക് മാനസിക ഉല്ലാസവും ആത്മവിശ്വാസവും പകരുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഗവണ്‍മെന്റ് ചില്‍ഡ്രന്‍സ് ഹോം, യുവതാ കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍, മൈല്‍സ് എന്നിവരുടെ സഹകരണത്തോടുകൂടിയാണ് ക്യാംപ് നടക്കുന്നത്. കുട്ടികളുടെ സര്‍വതോമുഖമായ വികസനം മുന്‍നിര്‍ത്തി വിപുലമായ പരിപാടികളാണ് ക്യാംപില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നാടക കളരി, ഒറിഗാമി, പപ്പറ്റ് ഷോ, മാജിക് ഷോ, കുട്ടികളുടെ മാസിക നിര്‍മ്മാണം എന്നിവയിലൂടെ അവരുടെ സര്‍ഗ്ഗാത്മകത വളര്‍ത്താനും ബ്രെയിന്‍ ജിം, യോഗ, ലൈഫ് സ്‌കില്‍സ് പരിശീലനം, നീന്തല്‍ എന്നിവയിലൂടെ ശാരീരിക-മാനസിക കരുത്ത് വര്‍ധിപ്പിക്കാനും ക്യാംപ് ലക്ഷ്യമിടുന്നു. കൂടാതെ ശാസ്ത്ര കൗതുകം, ഗണിതം മധുരം, നക്ഷത്രബംഗ്ലാവ് സന്ദര്‍ശനം, കാര്‍ഷിക പരിശീലനം, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ബോധവത്കരണം എന്നിങ്ങനെയുള്ള 20ലധികം പരിപാടികളിലൂടെ പ്രായോഗികമായ അറിവുകള്‍ കുട്ടികള്‍ക്ക് നല്‍കും. ജീവിതവിജയം നേടിയ മുന്‍ ചില്‍ഡ്രന്‍സ് ഹോം വിദ്യാര്‍ത്ഥികളുമായുള്ള കൂടിക്കാഴ്ചയും പഠനയാത്രകളും ക്യാംപിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈ പിടിച്ചുയര്‍ത്തുന്നതിനൊപ്പം അവരുടെ സൃഷ്ടിപരമായ കഴിവുകളെ പരിപോഷിപ്പിക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഷാജിത ആറ്റശ്ശേരി ചടങ്ങില്‍ സ്വാഗതം പറഞ്ഞു. സി.ഡബ്ല്യു.സി ചെയര്‍പേഴ്സണ്‍ എ. മമ്മു മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സി.ഡബ്ല്യു.സി അംഗങ്ങളായ പി. പ്രസന്ന, അഡ്വ. സതീഷ്, അഡ്വ. ഫനൂജ, ചില്‍ഡ്രന്‍സ് ഹോം സുപ്രണ്ട് എന്‍. ടി സൈനബ, യുവത കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി എം. നാസര്‍, പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ.കെ മുഹമ്മദ് സാലിഹ്, ശാന്തി ഭവനം ജനറല്‍ സെക്രട്ടറി എം. നാസര്‍, പ്രൊട്ടക്ഷന്‍ ഓഫീസര്‍ മുഹമ്മദ് സാലി അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റി സൈന്റിസ്റ്റ് ഡോ. പി.കെ അബ്ദുല്‍ ജബ്ബാര്‍, ജനകീയ ആസൂത്രണം ജില്ലാ കോഡിനേറ്റര്‍ എ. ശ്രീധരന്‍, മൈല്‍സ് അഡ്മിനിസ്ട്രേറ്റര്‍ ബിലാല്‍ ഖാന്‍ തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും വിദഗ്ധരും ചടങ്ങില്‍ സംബന്ധിച്ചു. രാജ്യത്ത് തന്നെ ബാല സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികള്‍ക്കായി ഒരുക്കുന്ന മികച്ച ക്യാംപാണ് ഇതെന്നും മറ്റു ജില്ലകള്‍ക്ക് ഇത്തരം ക്യാംപുകള്‍ പ്രചോദനമാകും എന്നും സംഘാടകര്‍ പറഞ്ഞു.
