Friday, May 1News That Matters
Shadow

മോഷണശ്രമത്തിനിടെ കള്ളൻ കിണറ്റിൽ വീണു; ഇതരസംസ്ഥാന തൊഴിലാളിയെ ഫയർഫോഴ്സ് പുറത്തെടുത്തു

കോഴിക്കോട്: നന്തിബസാറിൽ മോഷണശ്രമത്തിനിടെ ഇതരസംസ്ഥാന തൊഴിലാളിയായ കള്ളൻ കിണറ്റിൽ വീണു. നന്തിബസാർ ടൗണിലെ ‘നിസാർ മൻസിലിൽ’ കുഞ്ഞബ്ദുള്ളയുടെ വീട്ടിലെ കിണറ്റിലാണ് ഇയാൾ വീണത്. ഇന്ന് രാവിലെ കുഞ്ഞബ്ദുള്ളയുടെ ഭാര്യ കിണറിന്റെ ഗ്രില്ല് തെന്നിമാറിയത് ശ്രദ്ധയിൽപ്പെട്ട് അത് നേരെയാക്കിയ ശേഷം വെള്ളം കോരുന്നതിനിടെയാണ് കിണറ്റിനുള്ളിൽ ആളെ കണ്ടത്. 24 അടിയോളം താഴ്ചയുള്ള കിണറ്റിൽ ആദ്യം തേങ്ങ വീണതാണെന്നാണ് വീട്ടമ്മ കരുതിയത്. എന്നാൽ ഉള്ളിലുണ്ടായിരുന്നയാൾ മുകളിലേക്ക് നോക്കിയതോടെയാണ് ആളാണെന്ന് തിരിച്ചറിഞ്ഞതും പേടിച്ച് നിലവിളിച്ചതും. നിലവിളി കേട്ടെത്തിയ കുഞ്ഞബ്ദുള്ളയും മകനും ഉടൻ തന്നെ കൊയിലാണ്ടി പോലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിച്ചു. കിണറിന്റെ ഗ്രില്ല് നീക്കി കുളിമുറി വഴി വീടിനുള്ളിലേക്ക് കയറാനുള്ള ശ്രമത്തിനിടെ കാൽ തെറ്റി കിണറ്റിലേക്ക് വീണതാകാമെന്നാണ് സംശയിക്കുന്നത്. സ്ഥലത്തെത്തിയ കൊയിലാണ്ടി പോലീസും ഫയർഫോഴ്സും ചേർന്ന് നെറ്റ് ഉപയോഗിച്ചാണ് ഇയാളെ പുറത്തെടുത്തത്. തുടർന്ന് ഫയർഫോഴ്സിന്റെ ആംബുലൻസിൽ ഇയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL