Sunday, April 19News That Matters
Shadow

വിദ്യാർത്ഥിക്ക് നേരെ തോക്ക് ചൂണ്ടി ആക്രമണം: യുവാവിനെ മർദ്ദിച്ചതായി പരാതി

കോഴിക്കോട് പൂനൂരില്‍ വിദ്യാർത്ഥിയായ യുവാവിനെ തോക്കുചൂണ്ടി മര്‍ദ്ദിച്ചതായി പരാതി. പൂനൂര്‍ തേക്കുംതോട്ടം സ്വദേശി മുഹമ്മദ് ദില്‍ഷാ(18)ന് നേരെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി പത്തു മണിയോടെ പൂനൂര്‍ ചീനിമുക്കിലാണ് സംഭവങ്ങളുടെ തുടക്കം. സുഹൃത്തുക്കള്‍ക്കൊപ്പം ചീനിമുക്കിലെ കടയിൽ ഭക്ഷണം കഴിക്കാന്‍ എത്തിയ ദില്‍ഷാന്‍, സുഹൃത്തായ ലാമിഷിനെ മറ്റൊരാൾ മര്‍ദ്ദിക്കുന്നത് കണ്ട് പിടിച്ചുമാറ്റാന്‍ ശ്രമിക്കുകയായിരുന്നു.​ഇതില്‍ പ്രകോപിതനായ ഉണ്ണികുളം ഇയ്യാട് സ്വദേശിയും താമരശ്ശേരിയില്‍ ‘ആല്‍ക്കിമിസ്റ്റ്’ എന്ന സ്ഥാപനം നടത്തുന്നയാളുമായ ബാസില്‍ ലത്തീഫ് അരയില്‍ സൂക്ഷിച്ച തോക്ക് പുറത്തെടുത്ത് ദില്‍ഷാന് നേരെ ചൂണ്ടുകയും ആക്രമിക്കുകയും ചെയ്തെന്നാണ് പരാതിയില്‍ പറയുന്നത്. ആളുകള്‍ കൂടിയതോടെ ഈ സംഘം അവിടെ നിന്ന് മാറി. പിന്നീട് കാറില്‍ സുഹൃത്തിനൊപ്പം താമരശ്ശേരി ഓടക്കുന്നുള്ള വര്‍ക്ക്‌ഷോപ്പിലേക്ക് പോകുകയായിരുന്ന ദില്‍ഷാനെ താമരശ്ശേരി മിനി ബൈപ്പാസില്‍ വെച്ച് ബാസില്‍ വീണ്ടും തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു.​കാറിന്റെ ഡോര്‍ തുറന്ന ശേഷം ദില്‍ഷാന്റെ ഇടത് വശത്തെ ചെവിയിലും തലയ്ക്കും ക്രൂരമായി മര്‍ദ്ദിച്ചതായും പരാതിയിലുണ്ട്. പരിക്കേറ്റ ദില്‍ഷാന്‍ പിന്നീട് സഹോദരനൊപ്പം താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തി ചികിത്സ തേടി. തോക്ക് ചൂണ്ടി ആക്രമണം നടത്തിയ ബാസിലുമായി തനിക്ക് യാതൊരു മുന്‍പരിചയവുമില്ലെന്ന് ദില്‍ഷാന്‍ പറഞ്ഞു. സംഭവത്തില്‍ പോലീസ് പരാതി സ്വീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL