പ്രവാസ ലോകത്തെ വിശേഷങ്ങൾ
30-08-2025
സൗദിയിൽ വാടക കരാർ ഫീസ് വിവരങ്ങൾ വ്യക്തമാക്കി ഈജാർ നെറ്റ്‌വർക്ക്
ജിദ്ദ: സൗദി അറേബ്യയിൽ വാടക കരാറുകൾ ഡോക്യുമെന്റ് ചെയ്യുന്നതിനുള്ള ഫീസ് വിശദാംശങ്ങൾ ഈജാർ നെറ്റ്‌വർക്ക് വ്യക്തമാക്കി. പാർപ്പിട വാടക കരാർ രജിസ്റ്റർ ചെയ്യാൻ വർഷംതോറും 125 റിയാൽ ഫീസ് ഈടാക്കും. പാർപ്പിട വാടക കരാർ കൈമാറ്റം ഡോക്യുമെന്റ് ചെയ്യാൻ 250 റിയാൽ നൽകണം. വാണിജ്യ വാടക കരാറുകൾ രജിസ്റ്റർ ചെയ്യാൻ ആദ്യ വർഷം 200 റിയാലും, പുതുക്കുന്നതിന് 400 റിയാലും ഫീസ് ബാധകമാണ്. വാണിജ്യ വാടക കരാർ കൈമാറ്റം ഡോക്യുമെന്റ് ചെയ്യാനും 400 റിയാൽ ഫീസ് നൽകണം.
സൗദിയില്‍ ബിനാമി ബിസിനസ് കേസില്‍ ആറു പേര്‍ക്ക് തടവും പിഴയും സ്വത്ത് കണ്ടുകെട്ടലും
ബുറൈദ : അൽ-ഖസീം പ്രവിശ്യയിൽ ബിനാമി ബിസിനസ് നടത്തിയ കേസിൽ ആറ് പേർക്ക് അൽ-ഖസീം ക്രിമിനൽ കോടതി ശിക്ഷ വിധിച്ചു. കോൺട്രാക്ടിംഗ്, മെഡിക്കൽ ഉപകരണങ്ങൾ, പുകയില ഉൽപ്പന്ന വിതരണ മേഖലകളിൽ ഒരു കമ്പനിയും നാല് സ്ഥാപനങ്ങളും വിദേശ നിക്ഷേപ ലൈസൻസ് ഇല്ലാതെ നിയമവിരുദ്ധമായി നടത്തിയ കേസിലാണ് ശിക്ഷ. യെമനി പൗരന്മാരും സഹോദരന്മാരുമായ സദ്ദാം റസാസ് അഹ്മദ് ഹമൂദ്, ഹൈതം റസാസ് അഹ്മദ് ഹമൂദ്, ബസ്സാം റസാസ് അഹ്മദ് ഹമൂദ്, ഫലസ്തീനി പൗരനായ അഹ്മദ് ശൗഖി അതായ അൽ-ത്വനാനി, സൗദി പൗരന്മാരായ സ്വാലിഹ് ബിൻ മുഹമ്മദ് ബിൻ അബ്ദുല്ല അൽ-മർസൂഖ്, ബന്ദർ ബിൻ ഫഹദ് ബിൻ അബ്ദുല്ല അൽ-ഹുമൈദ് എന്നിവർക്കാണ് ശിക്ഷ. വിദേശികളായ പ്രതികൾ, സെയിൽമാൻ വിസയിൽ രാജ്യത്ത് താമസിച്ചിരുന്നവർ, തങ്ങളുടെ വരുമാനത്തിന് അനുസൃതമല്ലാത്ത ഭീമമായ സാമ്പത്തിക ഇടപാടുകൾ നടത്തുകയും നിയമവിരുദ്ധമായി സമ്പാദിച്ച പണം വിദേശത്തേക്ക് അയക്കുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. ഇവർ ബിനാമി ബിസിനസിലൂടെ സമ്പാദിച്ച 23,92,92,602 റിയാലും 26 കാറുകളും കോടതി കണ്ടുകെട്ടി. മൂന്നര ലക്ഷം റിയാൽ പിഴ, യെമനികൾക്കും ഫലസ്തീനിക്കും രണ്ട് വർഷം തടവ്, ബന്ദർ ബിൻ ഫഹദിന് രണ്ട് വർഷം തടവ് എന്നിവ വിധിച്ചു. സ്വാലിഹ് അൽ-മർസൂഖിനെ കുറഞ്ഞ പങ്കാളിത്തം കണക്കിലെടുത്ത് തടവിൽ നിന്ന് ഒഴിവാക്കി. ശിക്ഷ കഴിഞ്ഞ് വിദേശികളെ നാടുകടത്താനും ആജീവനാന്ത വിലക്ക് ഏർപ്പെടുത്താനും, ലൈസൻസുകളും കൊമേഴ്‌സ്യൽ രജിസ്ട്രേഷനുകളും റദ്ദാക്കാനും, സ്ഥാപനങ്ങൾ പൂട്ടാനും, സകാത്ത്, ഫീസ്, നികുതി എന്നിവ ഈടാക്കാനും കോടതി ഉത്തരവിട്ടു. പ്രതികളുടെ വിവരങ്ങളും ശിക്ഷയും രണ്ട് പ്രാദേശിക പത്രങ്ങളിൽ പരസ്യപ്പെടുത്താനും ഉത്തരവുണ്ട്.
സ്വകാര്യ മേഖലയിൽ പ്രവാസികളെ നിയമിക്കുന്ന കമ്പനികൾക്ക് വൻ തുക ഫീസ് ഈടാക്കാൻ കുവൈത്ത്
കുവൈത്ത് സിറ്റി : സ്വദേശിവത്കരണത്തിന്റെ ഭാഗമായി സ്വകാര്യ തൊഴിൽ മേഖലകളിൽ പ്രവാസികളെ നിയമിക്കുന്ന കമ്പനികൾക്ക് ഉയർന്ന ഫീസ് ഈടാക്കാൻ പദ്ധതിയിട്ട് കുവൈത്ത്. സ്വദേശികൾ പൊതുമേഖലാ തൊഴിലുകളെ ആശ്രയിക്കുന്നത് കുറക്കാനും കുവൈത്തി യുവതീയുവാക്കൾക്ക് അവസരങ്ങൾ വർധിപ്പിക്കുന്നതിന്റെയും ഭാഗമായിട്ടാണ് ഈ പുതിയ നടപടിയെന്ന് മാനവ വിഭവശേഷി വകുപ്പ് വ്യക്തമാക്കിയതായി കുവൈത്ത് ന്യൂസ് റിപ്പോർട്ട് ചെയ്തു. സ്വദേശിവത്കരണം കുവൈത്ത് വിഷൻ-2035ന്റെ പ്രധാന ലക്ഷ്യമാണെന്ന് മാനവ വിഭവശേഷി വകുപ്പ് പബ്ലിക് റിലേഷൻ ആൻഡ് മീഡിയ ഡയറക്ടർ മുഹമ്മദ് അൽമുസൈനി പറഞ്ഞു. പുതിയ നിയമനിർമാണങ്ങൾ, പ്രത്യേക പരിശീലന പരിപാടികൾ എന്നിവയും പദ്ധതിയിൽ ഉപ്പെടുന്നു.
പൊതുമേഖലയെ അപേക്ഷിച്ച് സ്വകാര്യ മേഖലയിലെ ജോലിസമയം, സർക്കാർ മേഖലയിലെ ശക്തമായ തൊഴിൽ സുരക്ഷ, പ്രസവാവധിയും മറ്റ് ആനുകൂല്യങ്ങളും എന്നിവ സ്വദേശികളെ സ്വകാര്യ മേഖലകളിലേക്ക് എത്തിക്കുന്നതിൽ വെല്ലുവിളി നേരിടുന്നു. ഇതിന് പരിഹാരമായി സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ശമ്പള വ്യത്യാസം പരിഹരിക്കുക, തൊഴിൽ പിന്തുണാ നയങ്ങൾ പരിഷ്‌കരിക്കുക, വിദ്യാർഥികളെ സജ്ജരാക്കുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളുായി സഹകരിച്ച് പ്രവർത്തിക്കുക എന്നിവ നടപ്പിലാക്കുമെന്നും അൽമുസൈനി പറഞ്ഞു. സ്വകാര്യ മേഖലയിൽ സ്വദേശി ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാനായി മാനവ വിഭവശേഷി ലേബർ റിലേഷൻ ഡിപ്പാർട്ട്മെന്റും രൂപീകരിച്ചിട്ടുണ്ട്. സ്വദേശികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് സ്വകാര്യ സ്ഥാപനങ്ങൾക്ക് പ്രത്യേക പ്രോത്സാഹനവും നിർദേശിച്ചിട്ടുണ്ട്. ബാങ്കിംഗ്, ധനകാര്യം, റിയൽ എസ്റ്റേറ്റ്, സേവനങ്ങൾ എന്നീ മേഖലകളിൽ വളർച്ച കൈവരിക്കുന്നതിൽ സ്വകാര്യ മേഖലയുടെ ദീർഘകാല പങ്ക് പ്രധാനമാണെന്ന് കുവൈത്ത് ഡയറക്ട് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ അതോറിറ്റി ബോർഡ് അംഗമായ മുഹന്നദ് മുഹമ്മദ് അൽസാനിഅ് പറഞ്ഞു.
റിയാദ് മെട്രോയിലും ബസുകളിലും വിദ്യാർഥികൾക്ക് 50 ശതമാനം ടിക്കറ്റ് ഇളവ്
റിയാദ് : റിയാദ് മെട്രോയിലും പൊതു ബസ് സർവീസുകളിലും 6 വയസ്സിന് മുകളിലുള്ള സ്കൂൾ, യൂണിവേഴ്സിറ്റി വിദ്യാർഥികൾക്ക് ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവ് ലഭിക്കുമെന്ന് റിയാദ് പബ്ലിക് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. കുടുംബങ്ങളെ പിന്തുണയ്ക്കാനും ജീവിതചെലവ് കുറയ്ക്കാനും ആധുനിക പൊതുഗതാഗതം പ്രോത്സാഹിപ്പിക്കാനും ഈ നടപടി ലക്ഷ്യമിടുന്നു. സൗദി വിദ്യാർഥികൾ സ്കൂൾ തിരിച്ചറിയൽ കാർഡും വിദേശ വിദ്യാർഥികൾ ഇഖാമയും സ്കൂളിൽ നിന്നുള്ള സ്ഥിരീകരണ കത്തും ഹാജരാക്കണം. യൂണിവേഴ്സിറ്റി വിദ്യാർഥികൾ യൂണിവേഴ്സിറ്റി തിരിച്ചറിയൽ കാർഡ് കാണിക്കണം. റിയാദിലെ പൊതുഗതാഗത ഓഫീസുകളിൽ ഈ രേഖകൾ സമർപ്പിച്ച് ഇളവ് പ്രയോജനപ്പെടുത്താം. സുരക്ഷിതവും താങ്ങാവുന്നതുമായ ഗതാഗതം ഉറപ്പാക്കാൻ, നഗരത്തിന്റെ വിപുലമായ പൊതുഗതാഗത ശൃംഖലയുടെ വികസനത്തിന്റെ ഭാഗമായാണ് ഈ ഇളവെന്ന് അതോറിറ്റി വ്യക്തമാക്കി.
യു.എ.ഇ സ്കൂളുകളിൽ മൊബൈൽ ഉപയോഗത്തിന് നിരോധനമേർപ്പെടുത്തി വിദ്യാഭ്യാസ മന്ത്രാലയം
അബൂദാബി : യുഎഇയിലെ പൊതു സ്കൂളുകളിൽ മൊബൈൽ ഫോണുകൾ കൊണ്ടുവരുന്നതിന് നിരോധനമേർപ്പെടുത്തി വിദ്യാഭ്യാസ മന്ത്രാലയം. വിദ്യാർത്ഥികളുടെ കൈവശം കണ്ടെത്തുന്ന ഫോണുകൾ പരിശോധിക്കുന്നതിനും കണ്ടുകെട്ടുന്നതിനും വ്യക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥി പെരുമാറ്റ മാനേജ്മെന്റ് നിയന്ത്രണവുമായി ബന്ധപ്പെട്ട 2018 ലെ നിയമമനുസരിച്ച് മന്ത്രാലയം സർക്കുലർ പുറപ്പെടുവിച്ചു. ഫോണുകൾ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട അപകടസാധ്യതകളിൽ നിന്ന് വിദ്യാർത്ഥികളെ സംരക്ഷിക്കുന്നതിനും സുരക്ഷിതമായ പഠന അന്തരീക്ഷത്തിൽ പോസിറ്റീവ് പെരുമാറ്റം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ തീരുമാനം. മന്ത്രാലയത്തിന്റെ സർക്കുലർ അനുസരിച്ച്, മൊബൈൽ ഫോണുകൾ കണ്ടെത്തുന്നതിനായി സ്‌കൂളുകൾ പതിവായി പരിശോധനാ കാമ്പെയ്‌നുകൾ നടത്തണം. വിദ്യാർത്ഥികളുടെ സ്വകാര്യതയെ മാനിച്ചുകൊണ്ടാണ് പരിശോധനകൾ നടത്തേണ്ടത്. പരിശോധനകൾ അവരുടെ ബാഗുകളിലും വ്യക്തിഗത വസ്തുക്കളിലും മാത്രമായി പരിമിതപ്പെടുതപ്പെടുത്തണമെന്നും പറയുന്നു.
സ്കൂൾ പരിസരത്ത് വിദ്യാർത്ഥിയുടെ കൈവശം നിന്ന് കണ്ടെത്തുന്ന ഏതൊരു ഫോണും സ്റ്റുഡന്റ് ബിഹേവിയർ മാനേജ്മെന്റ് റെഗുലേഷൻ അനുസരിച്ച് കണ്ടുകെട്ടുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇത്തരത്തിൽ ഫോൺ കണ്ടെത്തിയാൽ വിവരം മാതാപിതാക്കളെ അറിയിക്കും. ആദ്യ കുറ്റത്തിന് ഒരു മാസമാണ് ഫോൺ കണ്ടുകെട്ടുക. ആവർത്തിച്ചാൽ, അധ്യയന വർഷാവസാനം വരെ ഫോൺ തടഞ്ഞുവയ്ക്കപ്പെടും. നിയമവിരുദ്ധമായ ആവശ്യങ്ങൾക്കായി ഫോൺ ഉപയോഗിക്കുന്ന വിദ്യാർത്ഥികൾക്കെതിരെ നിയന്ത്രണത്തിൽ പറഞ്ഞിരിക്കുന്ന അച്ചടക്ക നടപടികൾ നടപ്പിലാക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. നിർദ്ദേശങ്ങൾ പാലിക്കാത്ത സ്കൂളുകൾക്കെതിരെ നടപടിയുണ്ടാകുമെന്നും സർക്കുലർ ചൂണ്ടിക്കാട്ടി. പുതിയ നടപടികളെക്കുറിച്ചും അച്ചടക്ക നടപടിക്രമങ്ങളെക്കുറിച്ചും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അവബോധ പരിപാടികൾ ശക്തമാക്കണംമെന്നും മന്ത്രാലയം വ്യക്തമാക്കി. വിദ്യാഭ്യാസ മൂല്യങ്ങൾ വളർത്തിയെടുക്കുന്നതിനും വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സുരക്ഷിതവും അച്ചടക്കമുള്ളതുമായ സ്കൂൾ അന്തരീക്ഷം നൽകുന്നതിനും വേണ്ടിയാണ് ഈ നിയന്ത്രണങ്ങൾ. നിയമം പൂർണ്ണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സ്കൂളുകളും രക്ഷിതാക്കളും തമ്മിലുള്ള അടുത്ത സഹകരണത്തിന്റെ പ്രാധാന്യം മന്ത്രാലയം എടുത്തുകാണിച്ചു.
