അരീക്കോട്: അരീക്കോട് – മഞ്ചേരി റോഡിലെ എളിയൂരിൽ ഗ്ലാസുകൾ കയറ്റിവന്ന വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു. ഇന്ന് ഉച്ചയോടെയുണ്ടായ അപകടത്തിൽ വാഹനത്തിനുള്ളിൽ ഒരാൾ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. റോഡരികിലേക്ക് വാഹനം മറിഞ്ഞ ഉടൻ തന്നെ നാട്ടുകാർ സ്ഥലത്തെത്തുകയും കുടുങ്ങിക്കിടക്കുന്ന ആളെ പുറത്തെടുക്കാനുള്ള രക്ഷാപ്രവർത്തനം ആരംഭിക്കുകയും ചെയ്തു. വിവരമറിഞ്ഞ് പോലീസും ഫയർഫോഴ്സും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. വാഹനത്തിലുണ്ടായിരുന്ന ഗ്ലാസുകൾ റോഡിൽ ചിതറിക്കിടക്കുന്നതിനാൽ അതീവ ജാഗ്രതയോടെയാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. അപകടത്തെത്തുടർന്ന് ഈ പാതയിൽ ഗതാഗത തടസ്സം അനുഭവപ്പെടുന്നുണ്ട്. കുടുങ്ങിക്കിടക്കുന്ന ആളെ എത്രയും വേഗം പുറത്തെടുക്കാനുള്ള ശ്രമങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്.

