വേങ്ങര: കെട്ടിട നിർമ്മാണം പൂർത്തിയാക്കിയ ശേഷം സെസ് അടച്ചാൽ മാത്രമേ ഒക്കുപ്പൻസി സർട്ടിഫിക്കറ്റും കെട്ടിട നമ്പറും അനുവദിക്കൂ എന്ന നിബന്ധന പിൻവലിക്കണമെന്നും, ഒക്കുപ്പൻസി സർട്ടിഫിക്കറ്റും കെട്ടിട നമ്പറും ഒരുമിച്ച് അനുവദിക്കുന്ന ഏകജാലക സംവിധാനം നടപ്പിലാക്കണമെന്നും ലെൻസ്ഫെഡ് വേങ്ങര ഏരിയ കൺവെൻഷൻ ആവശ്യപ്പെട്ടു.സെസ് നിയമാനുസൃതമായി ഈടാക്കുന്നതിന് പ്രത്യേക നടപടികൾ സ്വീകരിക്കാമെന്നിരിക്കെ, സെസ് അടച്ചിട്ടില്ലെന്ന കാരണത്താൽ ഒക്കുപ്പൻസി സർട്ടിഫിക്കറ്റും കെട്ടിട നമ്പറും തടഞ്ഞുവയ്ക്കുന്നത് കെട്ടിട ഉടമകൾക്കും നിർമ്മാണ മേഖലയിലെ പ്രൊഫഷണലുകൾക്കും വലിയ പ്രയാസങ്ങൾ സൃഷ്ടിക്കുന്നതായി കൺവെൻഷൻ ചൂണ്ടിക്കാട്ടി.നിലവിൽ ഒക്കുപ്പൻസി സർട്ടിഫിക്കറ്റ് ലഭിച്ച ശേഷം കെട്ടിട നമ്പറിനായി വീണ്ടും അപേക്ഷ നൽകി നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ട സാഹചര്യം ഒഴിവാക്കണം. ആവശ്യമായ പരിശോധനകളും നടപടികളും ഏകോപിപ്പിച്ച് ഒക്കുപ്പൻസിയോടൊപ്പം കെട്ടിട നമ്പറും അനുവദിക്കുന്ന സംവിധാനം നടപ്പിലാക്കണമെന്നും നടപടിക്രമങ്ങൾ ലളിതമാക്കി പൊതുജനങ്ങളുടെ സമയവും അധ്വാനവും ലാഭിക്കുന്നതിന് സർക്കാർ അടിയന്തരമായി ഇടപെടണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.വേങ്ങര എ.കെ. മെൻഷൻ ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ പി.കെ. നവാസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലെൻസ്ഫെഡ് വേങ്ങര ഏരിയ പ്രസിഡന്റ് ഇസ്മായിൽ കെ.സി. അധ്യക്ഷത വഹിച്ചു. കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സമീറ പുളിക്കൽ മുഖ്യാതിഥിയായി. ലെൻസ്ഫെഡ് സംസ്ഥാന വൈസ് പ്രസിഡന്റ് അമീർ പാതാരി മുഖ്യപ്രഭാഷണം നടത്തി. അഫ്സൽ മീരാൻ ക്ലാസിന് നേതൃത്വം നൽകി.ജില്ലാ പ്രസിഡന്റ് മോഹനകൃഷ്ണൻ, ജില്ലാ സെക്രട്ടറി ഹാരിസ് പി., ജില്ലാ ട്രഷറർ റിയാസലി പി.കെ., സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി.കെ.എ. റസാഖ്, അബ്ദുൽ നാസർ പി., ജില്ലാ ഭാരവാഹികളായ നൗഷാദലി പി., ഹൈദർ, ലത്തീഫ് മങ്ങാട്ടിൽ, ഏരിയ ഭാരവാഹികളായ സഹീർ അബ്ബാസ് നടക്കൽ, അനീസ് ടി.കെ., ഷക്കീറലി അരിക്കൻ, ഷംസുദ്ദീൻ ഇ.വി., അസ്ലം കെ.ടി., മുഹ്സിൻ എ.പി. എന്നിവർ പ്രസംഗിച്ചു.
