Thursday, October 22News That Matters
Shadow

ഭർത്താവിന്റെ കാമുകിയായ മലയാളി യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു

ഭർത്താവിനെയും കാമുകിയെയും പിടികൂടാൻ ഭാര്യ ഏർപ്പെടുത്തിയ കൊട്ടേഷൻ സംഘം തൃശൂരിൽ നിന്ന് മലയാളി യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി. സംഭവത്തിൽ ഭർത്താവിന്റെ ഭാര്യയായ തമിഴ്‌നാട് തിരുപ്പൂർ സ്വദേശി ദേവി ഉൾപ്പെടെ അഞ്ചുപേരെ തൃശൂർ പോലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ സ്വദേശികളായ തോമസ്, പാൽരാജ്, ശങ്കർ, പഴനി സ്വദേശി രഘുപതി എന്നിവരാണ് പിടിയിലായ മറ്റ് പ്രതികൾ. പ്രധാന പ്രതിയായ തോമസിനെ നെടുമ്പാശേരിയിൽ നിന്നുമാണ് പിടികൂടിയത്.​കഴിഞ്ഞ മാസം 22നാണ് കേസിനാസ്പദമായ സംഭവം. തമിഴ്‌നാട് സ്വദേശിയായ ടാക്സി ഡ്രൈവർ ഗുണശേഖരനും നിലമ്പൂർ സ്വദേശിനിയായ 38-കാരിയും തൃശൂരിലെ ലോഡ്ജിൽ താമസിക്കുന്നതിനിടെയാണ് ഭാര്യ ദേവിയും സംഘവുമെത്തിയത്. പണത്തിനായി ഗുണശേഖരൻ സുഹൃത്ത് പാൽരാജിന് അയച്ചുനൽകിയ ലോഡ്ജിന്റെ ക്യൂ.ആർ കോഡ് വഴിയാണ് ഇവർ സ്ഥലം കണ്ടെത്തിയത്. തമിഴ്‌നാട് പോലീസാണെന്ന് പരിചയപ്പെടുത്തി മുറിയിൽ കയറിയ സംഘം ഇരുവരെയും ക്രൂരമായി മർദ്ദിച്ച ശേഷം വാഹനത്തിൽ തിരുപ്പൂരിലേക്ക് തട്ടിക്കൊണ്ടുപോയി. അവിടെവെച്ച് വീണ്ടും മർദ്ദിക്കുകയും, പിന്നീട് യുവതിയെ മറ്റൊരു വാഹനത്തിൽ വിജനമായ സ്ഥലത്തെത്തിച്ച് തോമസും രഘുപതിയും ചേർന്ന് പീഡിപ്പിക്കുകയുമായിരുന്നു.​പീഡനത്തിനിരയായി അവശയായ യുവതിയെ പ്രതികൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, അവിടെനിന്ന് ഇവരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ട് നിലമ്പൂരിലെത്തി ചികിത്സ തേടുകയായിരുന്നു. യുവതിയുടെ പരാതിയിൽ ആദ്യം നിലമ്പൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് തൃശൂരിലേക്ക് മാറ്റുകയായിരുന്നു. തൃശൂർ സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം എ.സി.പി രാജേഷ് ടി.ആറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ വലയിലാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL