Saturday, September 19News That Matters
Shadow

ഭിന്നശേഷിക്കാര്‍ക്കായി ‘ചിറക്’ പ്രിവിലേജ് കാര്‍ഡ്

ഭിന്നശേഷിക്കാര്‍ക്ക് വിവിധ മേഖലകളില്‍ ആനുകൂല്യങ്ങളും പരിഗണനയും കരുതലും ഉറപ്പാക്കുന്നതിനായി കൊണ്ടോട്ടി ഇ.എം.ഇ.എ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ‘ചിറക് പ്രിവിലേജ് കാര്‍ഡ്’ പദ്ധതിക്ക് തുടക്കമായി. ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ കളക്ടര്‍ ഡോ. വിനയ് ഗോയല്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് കെ.എസ്. രോഹിണി അധ്യക്ഷയായി. അധ്യാപക കോര്‍ഡിനേറ്റര്‍ കെ.എം. ഇസ്മായില്‍ പദ്ധതി വിശദീകരിച്ചു.ഒരു വിദ്യാലയത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ആദ്യമായാണ് ഭിന്നശേഷിക്കാര്‍ക്കായി ഇത്രയും വിപുലമായ സാമൂഹിക പിന്തുണാ സംവിധാനം ഒരുക്കുന്നത്. സ്‌കൂള്‍ ഉള്‍പ്പെടുന്ന കൊണ്ടോട്ടി നഗരസഭയിലെ മൂന്നാം ഡിവിഷനിലെ ചെമ്മലപ്പറമ്പിനെയും സ്‌കൂളിലെ ഭിന്നശേഷി വിദ്യാര്‍ഥികളെയും കേന്ദ്രീകരിച്ച് നടപ്പാക്കുന്ന ‘ചിറക്’ പദ്ധതിയുടെ ഭാഗമായാണ് പ്രിവിലേജ് കാര്‍ഡ് ഒരുക്കിയിരിക്കുന്നത്.ഭിന്നശേഷിയുള്ള വ്യക്തികള്‍ക്ക് വിവിധ സേവനങ്ങളും സൗകര്യങ്ങളും കൂടുതല്‍ എളുപ്പത്തിലും കുറഞ്ഞ ചെലവിലും ലഭ്യമാക്കുകയാണ് പ്രിവിലേജ് കാര്‍ഡിന്റെ ലക്ഷ്യം. ആശുപത്രികള്‍, വാഹന സര്‍വീസുകള്‍, വിനോദകേന്ദ്രങ്ങള്‍, അക്ഷയ കേന്ദ്രങ്ങള്‍, ഓട്ടോ സര്‍വീസുകള്‍, വിദ്യാലയങ്ങള്‍, മെഡിക്കല്‍ ഷോപ്പുകള്‍, ലാബുകള്‍, സ്റ്റേഷനറികള്‍, മാളുകള്‍ തുടങ്ങി പത്തിലധികം മേഖലകളിലെ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കാര്‍ഡ് ഉടമകള്‍ക്ക് ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ നിന്ന് 10 മുതല്‍ 50 ശതമാനം വരെ പ്രത്യേക ഇളവുകളും ആനുകൂല്യങ്ങളും പ്രോത്സാഹന സമ്മാനങ്ങളും ലഭ്യമാകും.’ചിറകുകള്‍’ പദ്ധതിയുടെ മാതൃകയെ ജില്ലാ കലക്ടര്‍ ഡോ. വിനയ് ഗോയല്‍ അഭിനന്ദിക്കുകയും സംസ്ഥാനതലത്തില്‍ മാതൃകയാക്കാവുന്ന പദ്ധതിയാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് പദ്ധതി സമ്പൂര്‍ണമായി നടപ്പില്‍ വരും. ചിറക് പദ്ധതിയുടെ ഭാഗമായി ഇതിനകം ഹൃദയ സംഗമം, ഹൃദയപൂര്‍വ്വം കരുതല്‍ വിതരണം, കൂടെ പെന്‍ഷന്‍ പദ്ധതി, സമ്പൂര്‍ണ സര്‍വേ, ചിറക് ഉത്പന്നങ്ങള്‍, സര്‍ക്കാര്‍-സര്‍ക്കാരിതര ആനുകൂല്യങ്ങള്‍ ലഭ്യമാക്കല്‍, ചിറക് പുസ്തക പുറത്തിറക്കല്‍ പദ്ധതി, വിവിധ സ്ഥാപനങ്ങളിലെ ചിറക് യൂണിറ്റുകള്‍, ഉപകരണ വിതരണം, ഗ്രാമത്തിലും സ്‌കൂളിലും ചിറക് ഓഫീസുകള്‍, കലാ പരിശീലനം തുടങ്ങിയ വിവിധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. ചിറക് അംഗങ്ങള്‍ക്ക് 100 ശതമാനം യു.ഡി.ഐ.ഡി. കാര്‍ഡ്, പെന്‍ഷന്‍, സ്‌കോളര്‍ഷിപ്പ് എന്നിവ ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കി.ഡെപ്യൂട്ടി കലക്ടര്‍ സി.കെ.നജീബ്, ഗ്രാമതല പദ്ധതി ഏകോപന കോര്‍ഡിനേറ്റര്‍ സാബിറ സി.പി., ജില്ലാ സാമൂഹികനീതി ഓഫീസര്‍ സമീര്‍ മച്ചിങ്ങല്‍, വിദ്യാര്‍ഥി കോര്‍ഡിനേറ്റര്‍ എ. മാളവിക, പി.കെ. വസീം അഹ്‌സന്‍, പി. നസ്‌റീന, ടി. വിനായക്, ഇ.ടി. ഫഹീം, കെ. സഞ്ജന, ഒ. ശ്രാവണ പൗര്‍ണമി, എം. ദേവ്‌ന, എന്‍.ബി.അദ്വൈത്, പി. തങ്ക, കെ.വി.സുനിത, കെ.പി. സുബ്ഹാന, ഇഖ്ബാല്‍ വളപ്പന്‍, മുജീബ് ആന്തിയൂര്‍കുന്ന്, പി. നസ്രിയ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL