
വേങ്ങര: വേങ്ങര ടൗണിൽ നിന്ന് ഉൾപ്പെടെ വരിവെട്ടിച്ചാൽ, കുറുകപാടം വഴി അരീക്കതോട്ടിലേക്ക് വൻതോതിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒഴുകിയെത്തുന്നത് നെൽപാടങ്ങൾക്ക് വലിയ ഭീഷണിയാകുന്നു. കച്ചേരിപ്പടി, പുത്തനങ്ങാടി പി.ഡബ്ല്യു.ഡി റോഡിലെ ഓവ്ചാലിലൂടെ നേരിട്ടാണ് ഈ മാലിന്യങ്ങൾ തോട്ടിലേക്ക് വന്ന് വീഴുന്നത്. ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ വേസ്റ്റ് ബിന്നുകൾ കാര്യക്ഷമമായി സ്ഥാപിക്കാത്തതും വാർഡുകളിൽ ആവശ്യത്തിന് പ്ലാസ്റ്റിക് ബോട്ടിൽ കിയോസ്‌ക്കുകൾ ഇല്ലാത്തതുമാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. മാലിന്യ പ്രശ്നം രൂക്ഷമായതിനെ തുടർന്ന് ഗ്രാമപഞ്ചായത്ത് അംഗം ഉമ്മർ കൈപ്രന്റെ നേതൃത്വത്തിൽ നാട്ടുകാരും തൊഴിലാളികളും ചേർന്ന് അരീക്ക തോട്ടിലെ മാലിന്യങ്ങൾ പൂർണ്ണമായും നീക്കം ചെയ്ത് ശുചീകരണ പ്രവർത്തനം നടത്തി. പഞ്ചായത്തിലെ വിവിധ വാർഡുകളിലൂടെ ഒഴുകുന്ന അരീക്ക തോടിന്റെ അതത് വാർഡ് അതിർത്തികളിൽ ഗ്രില്ലിങ് സംവിധാനം ഒരുക്കണമെന്നാണ് കർഷകരുടെയും നാട്ടുകാരുടെയും പ്രധാന ആവശ്യം. ഇത്തരത്തിൽ സുരക്ഷാ ഗ്രില്ലുകൾ സ്ഥാപിച്ചാൽ വലിയോറ പാടത്തേക്ക് വൻതോതിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒഴുകിയെത്തുന്നത് പൂർണ്ണമായും തടയാനാകുമെന്നും പ്രദേശവാസികൾ വ്യക്തമാക്കുന്നു.
