Saturday, May 30News That Matters
Shadow

കീരനല്ലൂർ പാലം നിർമ്മാണം: ജലനിരപ്പ് ഉയർന്നാൽ അടിയന്തര നടപടിയെടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ്

പരപ്പനങ്ങാടി: പരപ്പനങ്ങാടി നഗരസഭാ പരിധിയിലെ കീരനല്ലൂർ ന്യൂക്കട്ടിലെ പുതിയ പാലം നിർമ്മാണത്തിനായി പുഴയിൽ മണ്ണും തെങ്ങും ഉപയോഗിച്ച് തടയണ നിർമ്മിച്ചതിൽ ആശങ്കയുമായി നാട്ടുകാർ. മഴക്കാലം ആരംഭിക്കാനിരിക്കെ, സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തുന്ന ഈ അശാസ്ത്രീയ നിർമ്മാണം പ്രദേശത്ത് വലിയ വെള്ളപ്പൊക്കത്തിന് കാരണമാകുമെന്നായിരുന്നു പരാതി. എന്നാൽ മഴ കനത്ത് പുഴയിലെ ജലനിരപ്പ് ഉയർന്നാൽ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് പൊതുമരാമത്ത് പാലം വിഭാഗം അധികൃതർ വ്യക്തമാക്കി. നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി നീരൊഴുക്ക് തടസ്സപ്പെടുത്തിയത് അട്ടക്കുളങ്ങര, പള്ളിപ്പടി, കൊട്ടന്തല, വടക്കേമമ്പുറം, ചുഴലി തുടങ്ങിയ പ്രദേശങ്ങളിലെ ആയിരത്തിലധികം വീടുകളിൽ വെള്ളം കയറാനും വലിയ ദുരന്തങ്ങൾക്കും കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി മനുഷ്യാവകാശ പ്രവർത്തകനായ അബ്ദുൽ റഹീം പൂക്കത്ത്, നസറുദ്ദീൻ തങ്ങൾ കൊട്ടന്തല, അസീസ് കടലുണ്ടി, സുബൈർ പി.പി എന്നിവരുടെ നേതൃത്വത്തിൽ പൊതുമരാമത്ത് പാലം അസിസ്റ്റന്റ് എൻജിനീയർക്ക് പരാതി നൽകിയിരുന്നു. തുടർന്ന് പാലം വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ജല പരിശോധന നടത്തുകയും മേലുദ്യോഗസ്ഥർക്ക് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. നിലവിൽ പുഴയുടെ തീരത്തുള്ള മണ്ണിന്റെ നിരപ്പിനേക്കാൾ ഒന്നര മീറ്റർ താഴ്ചയിലാണ് നിർമ്മാണത്തിനായുള്ള ഐലൻഡ് ഒരുക്കിയിട്ടുള്ളതെന്ന് അസിസ്റ്റന്റ് എൻജിനീയർ ഒ. ധീരജ് വ്യക്തമാക്കി. അതിനാൽ പെട്ടെന്നുള്ള വെള്ളപ്പൊക്ക ഭീഷണിയില്ലെന്നും, മഴ തുടങ്ങി ജലനിരപ്പ് ഉയരുന്ന മുറയ്ക്ക് അടിയന്തര നടപടികൾ സ്വീകരിക്കാൻ വകുപ്പ് തയ്യാറാണെന്നും അദ്ദേഹം പരാതിക്കാരനായ അബ്ദുൽ റഹീം പൂക്കത്തിന് രേഖാമൂലം ഉറപ്പുനൽകിയിട്ടുണ്ട്.

നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IovWvTQVHgsJfkiRVemD5W

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL