അഴിക്കോട് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസിൽ മുസ്ലീം ലീഗ് നേതാവ് കെ.എം. ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ഹൈക്കോടതിയുടെ ഉത്തരവ് അതിന്റെ അധികാരപരിധിക്ക് പുറത്തുള്ളതാണെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. ഇതോടെ ഷാജിക്ക് തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിനുള്ള തടസ്സം നീങ്ങി. ഷാജിക്ക് എതിരായ കണ്ടെത്തലുകൾ നിലവിൽ പ്രസക്തമല്ലെന്നും കോടതി വ്യക്തമാക്കി. കേസിലെ കെ.എം. ഷാജിയുടെ അപ്പീലും ഷാജിക്കെതിരെ എം.വി. നികേഷ് കുമാർ നൽകിയ ഹർജിയുമാണ് കോടതി പരിഗണിച്ചത്. 2016-ലെ തിരഞ്ഞെടുപ്പിൽ കെ.എം. ഷാജി വർഗീയ വികാരം ഇളക്കിവിട്ട് വോട്ട് തേടിയെന്ന് ആരോപിച്ച് എതിർ സ്ഥാനാർത്ഥിയായിരുന്ന എം.വി. നികേഷ് കുമാർ നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതി ഷാജിയെ ആറ് വർഷത്തേക്ക് അയോഗ്യനാക്കിയത്. ഈ ഉത്തരവിനെതിരെ ഷാജി നൽകിയ അപ്പീൽ പരിഗണിച്ച സുപ്രീംകോടതി നേരത്തെ ഹൈക്കോടതി വിധി സ്റ്റേ ചെയ്തിരുന്നു. എം.എൽ.എയായി തുടരാമെങ്കിലും വോട്ടിംഗിന് അനുവാദമില്ലെന്ന ഉപാധികളോടെയായിരുന്നു അന്ന് സ്റ്റേ അനുവദിച്ചത്. എന്നാൽ പുതിയ വിധി വന്നതോടെ ഷാജിക്കെതിരായ അയോഗ്യത പൂർണ്ണമായും നീങ്ങുകയും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ അദ്ദേഹത്തിന് മത്സരിക്കാനുള്ള രാഷ്ട്രീയ സാഹചര്യം തെളിയുകയും ചെയ്തു.

