
കണ്ണമംഗലം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തുടനീളം നടക്കുന്ന സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിപിഐഎം അച്ഛനമ്പലം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘ജന്തർ മന്ദർ സ്ക്വയർ’ സംഘടിപ്പിച്ചു. വിവിധ രാഷ്ട്രീയ-മത സംഘടനാ നേതാക്കളും സാംസ്കാരിക പ്രവർത്തകരും പരിപാടിക്ക് അഭിവാദ്യമർപ്പിക്കാൻ എത്തിയിരുന്നു. പാടിയും പറഞ്ഞും മുദ്രാവാക്യം വിളിച്ചും സമരക്കാർ അച്ഛനമ്പലത്തെ അക്ഷരാർത്ഥത്തിൽ ഒരു ജന്തർ മന്ദർ ആക്കി മാറ്റുകയായിരുന്നു. നാട്ടുകാരുടെ വലിയ ശ്രദ്ധ ആകർഷിച്ച പരിപാടി സിപിഐഎം ഏരിയ സെക്രട്ടറി കെ.ടി. അലവിക്കുട്ടി ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി ഷാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ പുള്ളാട്ട് മുജീബ് സ്വാഗതവും മുസ്തഫ ചേങ്ങപ്ര നന്ദിയും പറഞ്ഞു. പി.കെ. സിദ്ധീഖ്, കെ.എം. ഷാഫി, അബ്ദുള്ള സഖാഫി, എൻ.കെ. പോക്കർ, വി. മണി, സുബ്രഹ്മണ്യൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
