ഊരകം: കുറ്റാളൂർ – കാരാത്തോട് എം എൽ എ റോഡിൽ ഊരകം നെല്ലിപ്പറമ്പ് വളവിൽ റോഡ് ഇടിഞ്ഞ ഭാഗം കെട്ടി പൊക്കുന്നതിന് പൊതുമരാമത്ത് വകുപ്പിൽ നിന്ന് 98.5 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ അറിയിച്ചു. കഴിഞ്ഞ വർഷമുണ്ടായ ഇട മഴയെ തുടർന്നാണ് യുടേൺ വളവും ഇറക്കവുമുള്ള ഈ ഭാഗത്ത് റോഡിൻ്റെ ഒരു ഭാഗം താഴ്ചയിലേക്ക് അടർന്ന് വീണത്. തുടർന്ന് ഒരു ഭാഗത്ത് ടാർ വീപ്പകൾ വച്ച് ഗതാഗതം നിയന്ത്രിച്ചു വിടുകയായിരുന്നു. അതിനിടെ കഴിഞ്ഞ ആഴ്ചയിലുണ്ടായ കനത്ത മഴയെ തുടർന്ന് താഴ്ചയിൽ നിന്ന് കെട്ടി പൊക്കിയ റോഡിൻ്റെ കൂടുതൽ ഭാഗങ്ങൾ കൂടി അടർന്ന് വീഴുകയായിരുന്നു. എം എൽ എ യുടെ ഇടപെടലിനെ തുടർന്ന് അടിയന്തിര പരിഹാരം എന്ന നിലയിൽ
പൊതുമരാമത്ത് വകുപ്പ് ചാക്കിൽ മണ്ണ് നിറച്ച് താൽക്കാലിക സംരക്ഷണ ഭിത്തി നിർമ്മിച്ചാണ് ഗതാഗതം ഭാഗികമായി പുനരാരംഭിച്ചത്. ടെണ്ടർ നടപടികൾ വേഗത്തിലാക്കി പൂർത്തീകരിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ ഓവുചാൽ, സംരക്ഷണ ഭിത്തി എന്നിവ പൂർത്തിയാക്കി ഗതാഗതം പൂർണമായി പുനഃസ്ഥാപിക്കാനും യാത്രക്കാരുടെ ആശങ്ക പരിഹരിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ പറഞ്ഞു.

