Friday, October 23News That Matters
Shadow

എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് പട്ടിക മറികടന്ന് നിയമനം: AAP ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർക്ക് പരാതി നൽകി

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയിലെ ശുചീകരണ തൊഴിലാളികളുടെ താൽക്കാലിക നിയമനത്തിൽ വൻ ക്രമക്കേട് നടന്നതായി ആരോപിച്ച് ആം ആദ്മി പാർട്ടി (AAP) മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർക്ക് പരാതി നൽകി. എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴിയുള്ള സർക്കാർ മാനദണ്ഡങ്ങൾ അട്ടിമറിച്ച് അർഹരായ ഉദ്യോഗാർത്ഥികളെ തഴഞ്ഞാണ് നിയമനം നടത്തിയതെന്നാണ് പ്രധാന ആക്ഷേപം. 2026-ലെ നിയമനവുമായി ബന്ധപ്പെട്ട് 108 പേരുടെ പട്ടിക തയ്യാറാക്കുകയും 76 പേർ അഭിമുഖത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാൽ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് പട്ടികയിൽ ഉൾപ്പെടാത്ത നാലുപേരെ അഭിമുഖത്തിൽ നിയമവിരുദ്ധമായി ഉൾപ്പെടുത്തിയതായി നഗരസഭയുടെ വിവരാവകാശ രേഖയിൽ തന്നെ വ്യക്തമാക്കുന്നുണ്ട്. ഇതിന് ആധാരമായ കോടതി ഉത്തരവോ കൗൺസിൽ തീരുമാനമോ മറ്റ് അനുബന്ധ രേഖകളോ കൃത്യമായി പരിശോധിച്ച് നിയമനത്തിന്റെ സാധുത ഉറപ്പുവരുത്തണമെന്ന് എ.എ.പി ആവശ്യപ്പെട്ടു.

തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ നിർദ്ദേശങ്ങളും സർക്കാർ ഉത്തരവുകളും കാറ്റിൽപ്പറത്തിയാണ് നഗരസഭ താൽക്കാലിക നിയമനങ്ങൾ നടത്തുന്നതെന്നും മുൻകൂട്ടി തീരുമാനിച്ച ആളുകളെ തിരുകിക്കയറ്റാനാണെങ്കിൽ എന്തിനായിരുന്നു ഇങ്ങനെയൊരു പ്രഹസന ഇന്റർവ്യൂ സംഘടിപ്പിച്ചതെന്നും ആം ആദ്മി പാർട്ടി മലപ്പുറം ജില്ലാ സെക്രട്ടറി പി.ഒ. ഷമീം ഹംസ ചോദിച്ചു. നിയമലംഘനം നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. എ.എ.പി തിരൂരങ്ങാടി മണ്ഡലം ഭാരവാഹികളായ മൂസ ജാറത്തിങ്ങൽ, സാദിക്ക് തെയ്യാല, പി.ഒ. ഷമീം ഹംസ, അബ്ദുൽ റഹീം പൂക്കത്ത്, ഫൈസൽ ചെമ്മാട് എന്നിവരടങ്ങിയ സംഘമാണ് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർക്ക് നിവേദനം സമർപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL