Saturday, April 11News That Matters
Shadow

തിരഞ്ഞെടുപ്പ് അവബോധ വീഡിയോ നിർമാണം; മൂന്നിയൂർ സ്വദേശിക്കും സംഘത്തിനും ഒന്നാം സമ്മാനം

എറണാകുളം ജില്ലാ കളക്ടർ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് അവബോധ വീഡിയോ നിർമ്മാണ മത്സരത്തിൽ മലപ്പുറം മൂന്നിയൂർ നെടുംപറമ്പ് സ്വദേശി കെ.വി. മുഹമ്മദ് ജറീസിന്റെ നേതൃത്വത്തിലുള്ള ടീമിന് ഒന്നാം സമ്മാനം ലഭിച്ചു. വോട്ട് രേഖപ്പെടുത്തുന്നതിന്റെ പ്രാധാന്യവും ജനാധിപത്യ പ്രക്രിയയിലെ പൗര പങ്കാളിത്തവും പ്രമേയമാക്കിയ വീഡിയോയ്ക്കാണ് 25,000 രൂപയുടെ പുരസ്കാരം ലഭിച്ചത്. തമിഴ്‌നാട് ഗാന്ധിഗ്രാം റൂറൽ യൂണിവേഴ്സിറ്റിയിലെ ഒന്നാം വർഷ വിദ്യാർത്ഥികളായ മുഹമ്മദ് ജറീസ്, അധീനോ ദ്രാവിഡ്, ഹാരിഷ് അഹ്‌മദ്‌ എന്നിവരാണ് വീഡിയോയിൽ അഭിനയിച്ചതും അണിയറയിൽ പ്രവർത്തിച്ചതും. മത്സരത്തിൽ രണ്ടാം സ്ഥാനം എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ വീഡിയോയ്ക്കാണ് ലഭിച്ചത്.

വെള്ളിയാഴ്ച എറണാകുളം ജില്ലാ കളക്ടറുടെ ക്യാമ്പ് ഓഫീസിൽ നടന്ന ചടങ്ങിൽ വെച്ച് ജില്ലാ കളക്ടർ ജി. പ്രിയങ്ക ഐ.എ.എസ് വിജയികൾക്ക് സമ്മാനതുകയും സർട്ടിഫിക്കറ്റും കൈമാറി. തിരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച് ജനങ്ങളിൽ ബോധവൽക്കരണം നടത്തുന്നതിനായി സംഘടിപ്പിച്ച മത്സരത്തിൽ മികച്ച രീതിയിലുള്ള ദൃശ്യാവിഷ്കാരമാണ് മുഹമ്മദ് ജറീസും സംഘവും ഒരുക്കിയത്. സാമൂഹിക മാധ്യമങ്ങളിലൂടെ തിരഞ്ഞെടുപ്പ് സന്ദേശം പരമാവധി ആളുകളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ ഭരണകൂടം ഇത്തരമൊരു മത്സരം സംഘടിപ്പിച്ചത്. മികച്ച വിജയം കരസ്ഥമാക്കിയ ടീമിനെ ജില്ലാ ഭരണകൂട പ്രതിനിധികൾ അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL