തിരൂരങ്ങാടി: താലൂക്ക് ഗവൺമെന്റ് ആശുപത്രിയിൽ ഡോക്ടർമാരുടെ രൂക്ഷമായ കുറവ് അടിയന്തിരമായി പരിഹരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. പ്രതിദിനം രണ്ടായിരത്തിലധികം രോഗികൾ എത്തുന്ന ആശുപത്രിയിൽ ഒന്നര മാസത്തിലേറെയായി ജനറൽ മെഡിസിൻ വിഭാഗത്തിൽ ഫിസിഷ്യൻ ഇല്ലാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് (എൻ.എഫ്.പി.ആർ) താലൂക്ക് സെക്രട്ടറി അഷ്റഫ് കളത്തിങ്ങൽ പാറ ഫെബ്രുവരി 13-ന് ആരോഗ്യ മന്ത്രിക്ക് ഇ-മെയിൽ വഴിയും ഡി.എം.ഒ-ക്ക് നേരിട്ടും നൽകിയ പരാതിയെത്തുടർന്നാണ് മന്ത്രിയുടെ അടിയന്തിര ഇടപെടൽ. ഫിസിഷ്യന്റെ അഭാവത്തിന് പുറമെ സ്ത്രീരോഗ വിഭാഗത്തിലും നിലവിൽ ഡോക്ടർമാരുടെ ഒഴിവുണ്ട്. ജീവിതശൈലീ രോഗങ്ങൾക്ക് സ്ഥിരമായി മരുന്ന് കഴിക്കുന്നവരും ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നവരും ഫിസിഷ്യൻ ഇല്ലാത്തതിനാൽ കടുത്ത ദുരിതത്തിലാണ്. അഡ്മിറ്റ് ചെയ്യേണ്ട രോഗികളെപ്പോലും ഫിസിഷ്യന്റെ സേവനം ലഭ്യമല്ലാത്തതിനാൽ മറ്റു ആശുപത്രികളിലേക്ക് മടക്കി അയക്കുന്ന സാഹചര്യമാണുള്ളത്. മന്ത്രിയുടെ പുതിയ നിർദേശത്തോടെ ഈ പ്രതിസന്ധിക്ക് ഉടൻ പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

