തിരൂരങ്ങാടി: നൂറുൽ ഇസ്‌ലാം മദ്രസയിൽ ലോക അറബി ഭാഷാദിനം വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. ഇതോടനുബന്ധിച്ച് സംസ്ഥാന സർഗമേളയിലേക്ക് യോഗ്യത നേടിയ വിദ്യാർത്ഥികളെയും പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ കുട്ടികളെയും ആദരിക്കുന്ന പ്രത്യേക ചടങ്ങും നടന്നു. തിരൂരങ്ങാടി മുസ്‌ലിം ഓർഫനേജ് കമ്മിറ്റി ജനറൽ സെക്രട്ടറി എം.കെ. ബാവ സാഹിബ് ആഘോഷപരിപാടികളുടെ ഉദ്ഘാടനവും പ്രതിഭകൾക്കുള്ള സമ്മാനദാനവും നിർവ്വഹിച്ചു. അറബി ഭാഷയുടെ ആത്മീയ-സാംസ്കാരിക മൂല്യങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. സദർ മുദരിസ് എൻ.പി. അബു മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സി.എൻ. അബ്ദുൽ നാസർ മാസ്റ്റർ അറബി ഭാഷാദിന സന്ദേശം നൽകി. ഭാഷയുടെ ചരിത്രപ്രാധാന്യവും വർത്തമാനകാല പ്രസക്തിയും അദ്ദേഹം കുട്ടികൾക്ക് വിശദീകരിച്ചു നൽകി. സ്റ്റാഫ് സെക്രട്ടറി മുനീർ താനാളൂർ സ്വാഗതം ആശംസിച്ച യോഗത്തിൽ ഒ.പി. അനീസ് ജാബിർ മാസ്റ്റർ നന്ദി രേഖപ്പെടുത്തി. വി. അലി മാസ്റ്റർ, കെ. ജംഷീന ടീച്ചർ, കെ. സൈനബ ടീച്ചർ, കെ. ഖദീജ ടീച്ചർ, അനീസ് മാസ്റ്റർ, ഒ.പി. മുംതാസ് ടീച്ചർ, ഫൗസീല ടീച്ചർ, പി. ഫഹദ് മാസ്റ്റർ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. രക്ഷിതാക്കളുടെയും കുട്ടികളുടെയും നിറഞ്ഞ പങ്കാളിത്തം പരിപാടിക്ക് മിഴിവേകി.

