
തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭ പരിധിയിലെ ഒന്നാം വാർഡിൽ കാഞ്ഞിരത്തോടു നിവാസികൾ വർഷങ്ങളായി നേരിടുന്ന വോൾട്ടേജ് ക്ഷാമത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി രംഗത്ത്. ഇതിനായി കാഞ്ഞിരത്തോടു ഭാഗത്തേക്ക് ത്രീ ഫേസ് കണക്ഷൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തിരൂരങ്ങാടി മണ്ഡലം ആം ആദ്മി പാർട്ടി ജനറൽ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത്, തിരൂരങ്ങാടി കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയർ മൊയ്തീൻ കോയക്ക് നിവേദനം നൽകി.വടക്കേ മമ്പുറം ഒന്നാം വാർഡിൽ സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോൾ പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. വോൾട്ടേജ് വ്യതിയാനം കാരണം വീടുകളിലെ ഇലക്ട്രിക്, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ കേടുവരുന്നത് പതിവാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. പതിനാറുങ്ങൽ – വടക്കേ മമ്പുറം റോഡിൽ പുതിയ ട്രാൻസ്ഫോമർ സ്ഥാപിച്ചാൽ നിലവിലെ വടക്കേ മമ്പുറം ട്രാൻസ്ഫോമറിലെ ലോഡ് കുറയ്ക്കാൻ സാധിക്കുമെന്നും, ഇതിനായി എക്സിക്യൂട്ടീവ് എൻജിനീയർക്കും നിവേദനം നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു. ഇരുപത്തിയഞ്ചോളം വീടുകൾ സ്ഥിതിചെയ്യുന്ന കാഞ്ഞിരത്തോടു നിവാസികൾക്ക് ‘ദ്യുതി’ പദ്ധതിയിൽ ഉൾപ്പെടുത്തി ത്രീ ഫേസ് കണക്ഷൻ നൽകാൻ അടിയന്തര ഇടപെടൽ നടത്തണമെന്നും ആവശ്യപ്പെട്ടു. വിഷയം പരിശോധിച്ച് വേണ്ട നടപടികൾ സ്വീകരിക്കാമെന്ന് അസിസ്റ്റന്റ് എൻജിനീയർ ഉറപ്പുനൽകി.
കൂടുതൽ വാർത്തകൾക്കായി ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
