തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ജനുവരി 2 ന് പുലർച്ചെ മൂന്നിയൂര്‍ സ്വദേശി അബൂബക്കര്‍ മുസ്ലിയാര്‍ ചികില്‍സ ലഭിക്കാതെ മരണപ്പെട്ട സംഭവത്തില്‍ കാഷ്വാലിറ്റിയിൽ ഉണ്ടായിരുന്ന ഡ്യൂട്ടി ഡോക്ടര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത്‌ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് തിരൂരങ്ങാടി പൊലീസിലും മനുഷ്യാവകാശ കമ്മീഷനും യൂത്ത്‌ലീഗ് പരാതി നല്‍കും. പുലര്‍ച്ചെ ഓട്ടോറിക്ഷയിൽ ആശുപത്രിയിലെത്തിച്ച അബൂബക്കര്‍ മുസ്ലിയാര്‍ക്ക് ജീവനുണ്ടായിരുന്നെന്നും വീല്‍ ചെയറിലാണ് അത്യാഹിത വിഭാഗത്തിലേക്ക് എത്തിച്ചതെന്നും ബെഡ്ഡില്‍ കിടത്തിയ ശേഷം നഴ്സിനെയും റസ്റ്റ് റൂമിൽ ഉറക്കത്തിലായിരുന്ന ഡോക്ടറെയും വിളിച്ചു വന്നപ്പഴേക്കും രോഗി മരിച്ചതെന്നും ആ സമയത്ത് സെക്യൂരിറ്റി ജീവനക്കാരാനായിരുന്ന ഹംസ പ്രാദേശിക ചാനലിനും മറ്റു മാധ്യമങ്ങളോടും നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ട്. രോഗിയെ ആശുപത്രിയിലെത്തിച്ച ബന്ധുക്കളും ഓട്ടോ ഡ്രൈവറും ഇത് നേരത്തെ പറഞ്ഞിരുന്നതുമാണ്. സംഭവത്തില്‍ കൃത്യമായ ചികില്‍സ കിട്ടാതെയാണ് രോഗി മരിച്ചതെന്ന് വ്യക്തവവുമാ യതിനാല്‍ ആ സമയത്തെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യൂത്ത്‌ലീഗ് മണ്ഡലം പ്രസിഡന്റ് യു.എ റസാഖ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഷരീഫ് വടക്കയില്‍ ഉദ്ഘാടനം ചെയ്തു. പി.എം സാലിം, അനീസ് കൂരിയാടന്‍, സി.കെ മുനീര്‍, മുസ്തഫ കളത്തിങ്ങല്‍, റിയാസ് തോട്ടുങ്ങല്‍, ഉസ്മാന്‍ കാച്ചടി, കെ.പി അബ്ദുല്‍ ഗഫൂര്‍, നിശാമുദ്ധീന്‍ ചാത്തേരി പ്രസംഗിച്ചു.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com