Thursday, November 26News That Matters
Shadow

ആനങ്ങാടി ബസ് സ്റ്റോപ്പിലെ കൈയേറ്റം: സംയുക്ത സർവേ പൂർത്തിയാക്കി

വള്ളിക്കുന്ന്: തിരൂർ–കടലുണ്ടി റോഡിലെ ആനങ്ങാടി ബസ് സ്റ്റോപ്പിലും പരിസരത്തും പൊതുമരാമത്ത് ഭൂമി കൈയേറിയെന്ന പരാതിയിൽ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ സംയുക്ത പരിശോധനയും അതിർത്തി നിർണയ സർവേയും പൂർത്തിയാക്കി. പൊതുമരാമത്ത് ഭൂമിയിലെ കൈയേറ്റങ്ങൾ കണ്ടെത്തി യാത്രക്കാർക്ക് സുരക്ഷിതമായ ബസ് കാത്തിരിപ്പ് കേന്ദ്രവും നടപ്പാതയും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് നൽകിയ പരാതിയിലാണ് നടപടി.തിരൂർ–കടലുണ്ടി റോഡ് നവീകരണ പ്രവൃത്തി പൂർത്തിയായിട്ടും വള്ളിക്കുന്ന് പഞ്ചായത്തിലെ ആനങ്ങാടി ബസ് സ്റ്റോപ്പിലെ യാത്രാദുരിതത്തിന് പരിഹാരമായിരുന്നില്ല. പൊരിയുന്ന വെയിലിലും മഴയിലും സുരക്ഷിതമായ കാത്തിരിപ്പ് സൗകര്യമില്ലാതെ റോഡരികിൽ ബസ് കാത്തുനിൽക്കേണ്ട അവസ്ഥയിലാണ് യാത്രക്കാർ. ബസ് സ്റ്റോപ്പും നടപ്പാതയും കൈയേറിയുള്ള വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനം യാത്രക്കാരുടെ ദുരിതം വർധിപ്പിക്കുന്നതായും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.റോഡ് ഉയർത്തിയതോടെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഉയരം കുറഞ്ഞ് യാത്രക്കാർക്ക് ഉപയോഗിക്കാൻ പ്രയാസമായിട്ടുണ്ട്. കൂടാതെ ബസ് സ്റ്റോപ്പിന്റെ അകത്തളത്തിൽ വ്യാപാര സാധനങ്ങൾ നിരത്തിവെച്ച് കാത്തിരിപ്പ് സൗകര്യം തടസ്സപ്പെടുത്തിയതായും സ്റ്റോപ്പിന് പിന്നിലെ ഡ്രെയിനേജ് ഉൾപ്പെടെയുള്ള ഭാഗങ്ങൾ കൈയേറിയാണ് വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതെന്നും പരാതിയുണ്ട്.പൊതുമരാമത്ത് ഭൂമിയുടെ അതിർത്തി നിർണയിച്ച് കൈയേറ്റങ്ങൾ കണ്ടെത്തി ഒഴിപ്പിക്കുക, തകർക്കപ്പെട്ട ബസ് സ്റ്റോപ്പ് പുനഃസ്ഥാപിക്കുക, യാത്രക്കാർക്ക് സുരക്ഷിതമായ നടപ്പാതയും കാത്തിരിപ്പ് കേന്ദ്രവും ഒരുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സാമൂഹിക–മനുഷ്യാവകാശ പ്രവർത്തകരായ അബ്ദുറഹീം പൂക്കത്ത്, പി.പി. സുബൈർ ആനങ്ങാടി എന്നിവരുടെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പിന് പരാതി നൽകിയിരുന്നു.തുടർന്ന് താലൂക്ക് സർവേയർമാരായ അംബരീഷ്, വിജിത്ത്, ഡിജിറ്റൽ സർവേ ഹെഡ് സർവേയർ ഗോപകുമാർ, സർവേയർ നാസില, പൊതുമരാമത്ത് വകുപ്പ് ഓവർസിയർ ആനന്ദ് എന്നിവരുടെ നേതൃത്വത്തിൽ സംയുക്ത പരിശോധനയും അതിർത്തി നിർണയവും നടത്തി. പൊതുപ്രവർത്തകരായ അബ്ദുറഹീം പൂക്കത്ത്, പി.പി. സുബൈർ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.സർവേയിൽ കണ്ടെത്തിയ പൊതുമരാമത്ത് ഭൂമിയിലെ കൈയേറ്റങ്ങൾക്കെതിരെ നിയമാനുസൃത നടപടി സ്വീകരിച്ച് കൈയേറ്റം ഒഴിപ്പിക്കണമെന്നും പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാർക്ക് സുരക്ഷിതമായി ബസ് കാത്തു നിൽക്കുന്നതിനായി നിലവിലുള്ള സ്ഥലത്ത് തന്നെ ബസ് സ്റ്റോപ്പ് അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി പുനഃസ്ഥാപിക്കണമെന്നും നടപ്പാത യാത്രായോഗ്യമാക്കണമെന്നും അധികൃതരോട് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL