Sunday, December 7News That Matters
Shadow

വഖഫ് രജിസ്ട്രേഷൻ: സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ട് ലീഗ് എം.പിമാർ കേന്ദ്രമന്ത്രിയെ കണ്ടു

ന്യൂഡൽഹി: രാജ്യത്തെ വഖ്ഫ് സ്വത്തുകൾ ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി നീട്ടിനൽകണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് നേതാക്കളായ ഇ.ടി. മുഹമ്മദ് ബഷീർ എം.പിയും അബ്ദുസ്സമദ് സമദാനി എം.പിയും കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രി കിരൺ റിജിജുവിനെ നേരിൽ കണ്ട് നിവേദനം നൽകി. പോർട്ടലിലെ സാങ്കേതിക തകരാറുകൾ മൂലം രാജ്യത്തെ ആയിരക്കണക്കിന് മുതവല്ലികൾക്ക് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ സാധിക്കുന്നില്ലെന്ന് എം.പിമാർ മന്ത്രിയെ അറിയിച്ചു. ലോഗിൻ പരാജയങ്ങൾ, സെഷൻ ടൈംഔട്ട്, രേഖകൾ അപ്‌ലോഡ് ചെയ്യുമ്പോഴുള്ള തടസ്സങ്ങൾ, അവസാന സമർപ്പണ ഘട്ടത്തിലെ പിശകുകൾ തുടങ്ങിയവ ഉപയോക്താക്കളെ വലയ്ക്കുകയാണ്. കൂടാതെ, പോർട്ടലിൽ ഓട്ടോ-സേവ് സംവിധാനമില്ലാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ചെറിയ പിശകുകൾ സംഭവിച്ചാൽ പോലും വിവരങ്ങൾ മുഴുവൻ വീണ്ടും രേഖപ്പെടുത്തേണ്ടി വരുന്ന സാഹചര്യം നിലവിലുണ്ട്. 2025 ഡിസംബർ അഞ്ചാണ് രജിസ്ട്രേഷൻ പൂർത്തിയാക്കാനുള്ള നിലവിലെ സമയപരിധി. എന്നാൽ, പോർട്ടലിന്റെ കാര്യക്ഷമതയില്ലായ്മ കാരണം ഈ സമയത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കുക പ്രായോഗികമല്ലെന്ന് മന്ത്രിക്ക് നൽകിയ കത്തിൽ നേതാക്കൾ വ്യക്തമാക്കി. സമയപരിധി നീട്ടണമെന്ന ആവശ്യം കഴിഞ്ഞ ദിവസം സുപ്രീം കോടതി തള്ളിയ പശ്ചാത്തലത്തിലാണ്, പ്രായോഗിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി എം.പിമാർ കേന്ദ്രമന്ത്രിയെ സമീപിച്ചത്. പോർട്ടലിന്റെ പ്രവർത്തനം സുഗമമാക്കി യഥാർത്ഥ അപേക്ഷകർക്ക് രജിസ്ട്രേഷൻ പൂർത്തിയാക്കാൻ നീതിയുക്തമായ അവസരം നൽകണമെന്നും അതിനായി തീയതി നീട്ടിനൽകണമെന്നും ഇരുവരും ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL