Thursday, September 18News That Matters
Shadow

വർഗീയ അജണ്ടകളുടെ മറ്റൊരു വേർഷനാണ് മദ്രസകൾക്കെതിരെയുള്ള ബാലാവകാശ കമ്മീഷന്റെ നീക്കമെന്ന് : പി.കെ കുഞ്ഞാലിക്കുട്ടി

രാജ്യത്തെ പൗരന്മാരുടെ മൗലിക അവകാശത്തിന്മേൽ കത്തിവെച്ച് ഭരണഘടന ഉന്മൂലനം ചെയ്യാനുള്ള കേന്ദ്ര സർക്കാരിന്റെ വർഗീയ അജണ്ടകളുടെ മറ്റൊരു വേർഷനാണ് മദ്രസകൾക്കെതിരെയുള്ള ബാലാവകാശ കമ്മീഷന്റെ നീക്കമെന്ന് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ഇഷ്ടപ്പെട്ട മതം വിശ്വസിക്കാനും അതനുസരിച്ചു ജീവിക്കാനും അത് പഠിക്കാനുമുള്ള അവകാശം ഭരണ ഘടന അനുവദിച്ചതാണ്. രാജ്യത്തെ ഇസ്ലാം മത വിശ്വാസികൾക്ക് ഒരു വിശ്വാസി എന്ന നിലയിലുള്ള ആചാരങ്ങളും, അനുഷ്ടാനങ്ങളും, മത മൂല്യങ്ങളും തത്വങ്ങളും, വിധി വിലക്കുകളും സ്വായത്തമാക്കി ഒരു നല്ല മുസ്ലിമും അതിലൂടെ ഒരു നല്ല മനുഷ്യനിലേക്കുമെത്താൻ വഴിയൊരുക്കുന്ന കേന്ദ്രങ്ങളായിട്ടാണ് മദ്രസകൾ പ്രവർത്തിക്കുന്നത്. അതൊരിക്കലും രാജ്യ വിരുദ്ധമല്ലെന്ന് മാത്രമല്ല ഉത്തമ പൗരന്മാരെ സൃഷ്ടിക്കുന്ന ഇടം കൂടിയാണ്. ഇതിനെതിരെയുള്ള നീക്കങ്ങൾ ദുരുദ്ദേശപരം തന്നെയാണ്.

വിദ്യാഭ്യാസത്തിൻറെ ഗുണ നിലവാരം വർധിപ്പിക്കാനെന്ന വാദമാണ് ഇവർ ഉയർത്തുന്നത്. നിലവിൽ മത വിദ്യാഭ്യാസത്തോടൊപ്പം സ്കൂൾ വിദ്യാഭ്യാസവും നൽകുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ മദ്രസ സംവിധാനങ്ങളെ ചൂണ്ടിക്കാട്ടിയാണ് അവർ ഈ വാദം ഉന്നയിക്കുന്നത്. സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഗുണ നിലവാരം മെച്ചപ്പെടുത്താൻ വേണ്ട സൗകര്യങ്ങൾ വികസിപ്പിക്കുകയല്ലേ വേണ്ടത്. അല്ലാതെ മദ്രസകൾ അടച്ചു പൂട്ടി ഒരു സമുദായത്തിന്റെ അവകാശങ്ങളെ ഹനിക്കുകയാണോ ചെയ്യേണ്ടത്. ഇതിലൂടെ അടച്ചു പൂട്ടുന്ന മദ്റസകളിൽ കൂടി ലഭ്യമായിരുന്ന സ്കൂൾ വിദ്യാഭ്യാസവും കൂടി ഇല്ലാതാക്കുകയല്ലേ തത്വത്തിൽ സംഭവിക്കുന്നത്.

കാര്യം വ്യക്തമാണ്, വിദ്യാഭ്യാസ നിലവാരത്തിന്റെ പേര് പറഞ്ഞു കൃത്യമായി ആസൂത്രണം ചെയ്ത ഒരു വർഗീയ അജണ്ട ഒളിച്ചു കടത്തുകയാണ് ബാലാവകാശ കമ്മിഷന്റെ ചിലവിൽ കേന്ദ്ര സർക്കാർ നടത്തുന്നത്. ഒരു വിശ്വാസി സമൂഹം അവരുടെ ജീവിത സഞ്ചാരത്തിന്റെ ഭാഗമായി കൊണ്ട് നടക്കുന്ന മദ്രസ സംവിധാനങ്ങളെ തുടച്ചു നീക്കാനുള്ള ശ്രമമാണിത്. മത സംവിധാനങ്ങൾക്ക് നേരെയുള്ള കടന്ന് കയറ്റത്തിന്റെ തുടക്കമായി ഇതിനെ കാണേണ്ടതുണ്ട്. മതേതര സമൂഹം ഇതിനെതിരെ ശക്തമായി പ്രതികരിക്കേണ്ടതുണ്ട്. മുസ്ലിം ലീഗ് രാഷ്ട്രീയമായും, നിയമപരമായും ഇതിനെ നേരിടുക തന്നെ ചെയ്യും.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL