മലപ്പുറം: സംസ്ഥാനത്ത് രൂക്ഷമായ വിലക്കയറ്റവും തൊഴിലില്ലായ്മയും നിലനിൽക്കുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് മേൽ ഇനിയൊരു ബസ് ചാർജ് വർദ്ധനവ് കൂടി അടിച്ചേൽപ്പിക്കരുതെന്ന് നിർമ്മാണ തൊഴിലാളി യൂണിയൻ (INTUC) ജില്ലാ നേതൃസംഗമം സർക്കാരിനോട് ആവശ്യപ്പെട്ടു. കേരളത്തിൽ, പ്രത്യേകിച്ച് മലബാർ മേഖലയിൽ സ്വകാര്യ ബസുകൾ വിദ്യാർത്ഥികളിൽ നിന്ന് തോന്നിയപോലെ അമിത ചാർജ് ഈടാക്കുന്ന പ്രവണതയാണ് നിലവിലുള്ളത്. ദേശീയ-സംസ്ഥാന തലങ്ങളിൽ പ്രവർത്തിക്കുന്ന വിദ്യാർത്ഥി–രാഷ്ട്രീയ സംഘടനകൾ വിദ്യാർത്ഥികൾ നേരിടുന്ന ഈ കൊള്ളക്കെതിരെ ശബ്ദമുയർത്താൻ രംഗത്തില്ല എന്നത് നിർഭാഗ്യകരമാണെന്നും യോഗം കുറ്റപ്പെടുത്തി. സാധാരണക്കാർക്ക് അധിക സാമ്പത്തിക ഭാരം ഉണ്ടാക്കുന്ന ചാർജ് വർദ്ധനവിന് സർക്കാർ യാതൊരു കാരണവശാലും അനുമതി നൽകരുതെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
ഐ.എൻ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് ജയൻ അറക്കൽ സംഗമം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അസൈനാർ ഊരകം അധ്യക്ഷത വഹിച്ചു. അഷ്റഫ് മനരിക്കൽ, പി.പി.എ. ബാവ, സലാം ഹാജി മച്ചിങ്ങൽ, മുഹമ്മദ് ബാവ എ.ആർ നഗർ, എം. ബിന്ദു, ഉണ്ണി തൊട്ടിയിൽ, വേലായുധൻ മാസ്റ്റർ, മനോജ് പുനത്തിൽ, സുബ്രഹ്മണ്യൻ കാളങ്ങാടൻ, സി. ചന്ദ്രമതി തുടങ്ങിയവർ സംസാരിച്ചു. സി.വി. ഷൗക്കത്ത് സ്വാഗതവും റഷീദ കണ്ണമംഗലം നന്ദിയും പറഞ്ഞു.

