
തിരൂർ: പോലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട കാറിൽ നിന്നും നാല് കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ. പുറത്തൂർ ആശുപത്രി പടി സ്വദേശി മുഹമ്മദ് ഷാനിൽ (29), കൈനിക്കര സ്വദേശി അമർജൽ കൃഷ്ണ (27) എന്നിവരെയാണ് തിരൂർ പോലീസ് പിടികൂടിയത്. ബീരാഞ്ചിറ- പെരുന്തല്ലൂർ റൂട്ടിൽ പുലർച്ചെ 2.30-ന് പട്രോളിംഗ് നടത്തുന്നതിനിടെ ചെറിയ പറപ്പൂരിൽ വെച്ചാണ് സംഭവം. കാറിലിരിക്കുകയായിരുന്ന പ്രതികൾ പോലീസ് വാഹനം കണ്ടതോടെ അതിവേഗത്തിൽ പുറകോട്ടെടുക്കുകയും കാർ ഫുട്പാത്തിൽ ഇടിച്ച് കുടുങ്ങുകയുമായിരുന്നു. അതോടെ വാഹനത്തിലുണ്ടായിരുന്നവർ ഇറങ്ങിയോടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. തുടർന്ന് വാഹനത്തിൽ നടത്തിയ പരിശോധനയിലാണ് 4.200 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തത്. പ്രതികൾ സ്ഥിരമായി കേരളത്തിന് പുറത്തുനിന്ന് കഞ്ചാവ് കടത്തിക്കൊണ്ടുവരുന്നവരാണെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായതായി പോലീസ് അറിയിച്ചു. തിരൂർ സി.ഐ. അനിൽകുമാർ ടി. മേപ്പള്ളി, എസ്.ഐ. എൻ.ആർ. സുജിത്, എസ്.ഐ. ജിഷ്ണു, സി.പി.ഒ. മാരായ അനന്തു, ആദർശ്, ആശിഷ് സ്റ്റീഫൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
*നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.*
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GhhH756JcVh4D0k6AwPlJJ?s=cl&p=a&ilr=4&amv=3
