Saturday, May 30News That Matters
Shadow

ലോട്ടറി ടിക്കറ്റുകൾ കവർന്ന തമിഴ്നാട് സ്വദേശി കോയമ്പത്തൂരിൽ പിടിയിൽ

എടപ്പാൾ: എടപ്പാളിലെ ലോട്ടറി കടയിൽ നിന്ന് ഒന്നര ലക്ഷത്തോളം രൂപയുടെ സമ്മാനാർഹമായ ടിക്കറ്റുകൾ കവർന്ന് ഒളിവിൽ പോയ തമിഴ്നാട് സ്വദേശി പിടിയിൽ. മധുര സ്വദേശിയായ ഗണേഷിനെയാണ് കോയമ്പത്തൂരിലെ പീളമേടിൽ നിന്നും ചങ്ങരംകുളം പോലീസും തിരൂർ ഡാൻസാഫ് (DANSAF) സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ മാർച്ചിൽ എടപ്പാളിലെ ‘അമ്മ ലോട്ടറി ഏജൻസിയിൽ’ ജോലിക്കെത്തിയ പ്രതി, ഉടമയുടെ വിശ്വാസം നേടിയ ശേഷമാണ് ടിക്കറ്റുകളുമായി കടന്നുകളഞ്ഞത്. ഇയാൾ ജോലിക്ക് നൽകിയ ആധാർ വിലാസം വ്യാജമാണെന്നും സ്ഥിരതാമസമോ അടുത്ത ബന്ധുക്കളോ ഇല്ലെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ആറുമാസമായി തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ വിവിധ ഏജൻസികളിലായി ഇയാൾ ജോലി ചെയ്തുവരികയായിരുന്നു.മോഷ്ടിച്ച ടിക്കറ്റുകൾ തൃശൂരിനും കോട്ടയത്തിനും ഇടയിലുള്ള കടകളിൽ നൽകി പണം കൈപ്പറ്റിയ ശേഷം ഇയാൾ സുഹൃത്തുക്കളോടൊപ്പം കോട്ടയം, മൂന്നാർ, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിൽ വിനോദയാത്ര നടത്തി. അന്വേഷണം ഊർജ്ജിതമായതോടെ മൊബൈൽ നമ്പറുകൾ ഉപേക്ഷിച്ച് കോയമ്പത്തൂർ, കാഞ്ചിപുരം, ഗാന്ധിനഗർ തുടങ്ങി പലയിടങ്ങളിലായി മാറിമാറി താമസിച്ചു. ഒടുവിൽ പീളമേടിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്നതിനിടെയാണ് ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ പോലീസിന്റെ പിടിയിലാകുന്നത്.തിരൂർ ഡി.വൈ.എസ്.പി എ.എം. സിദ്ധിക്കിന്റെ മേൽനോട്ടത്തിൽ ചങ്ങരംകുളം എസ്.ഐ നസിയ എം. സാഹിബ്, ഡാൻസാഫ് ഉദ്യോഗസ്ഥരായ രാജേഷ്, ജയപ്രകാശ്, സി.പി.ഒമാരായ ശ്രീഷ്, ഉണ്ണിക്കുട്ടൻ, ഹരികൃഷ്ണൻ, രാകേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL