നിലമ്പൂർ: ഒമ്പത് വയസ്സുകാരിയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ച പ്രതിക്ക് 80 വർഷം കഠിനതടവും 1,60,000 രൂപ പിഴയും ശിക്ഷ വിധിച്ചു. വഴിക്കടവ് മണിമൂളി സ്വദേശി എൻ.പി. സുരേഷ് ബാബുവിനെയാണ് (ഉണ്ണിക്കുട്ടൻ – 28) നിലമ്പൂർ അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി കെ.പി. ജോയ് ശിക്ഷിച്ചത്. 2023 ഡിസംബറിലും 2024 ഫെബ്രുവരിയിലുമായി അതിജീവിതയുടെ വീട്ടിൽ അതിക്രമിച്ച് കയറി കിടപ്പുമുറിയിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. നേരത്തെ 2017-ൽ മറ്റൊരു കേസിൽ ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നെങ്കിലും പ്രായം പരിഗണിച്ച് കോടതി വിട്ടയച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ പ്രതി ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ തന്നെ വിചാരണ പൂർത്തിയാക്കണമെന്ന് പോലീസ് ആവശ്യപ്പെടുകയായിരുന്നു. പിഴയടച്ചില്ലെങ്കിൽ മൂന്ന് വർഷവും മൂന്ന് മാസവും അധിക തടവ് അനുഭവിക്കണം. പിഴ സംഖ്യ ഈടാക്കിയാൽ അത് അതിജീവിതയ്ക്ക് നൽകാനും വിക്ടിം കോമ്പൻസേഷൻ സ്കീം വഴി കൂടുതൽ ധനസഹായം നൽകാനും കോടതി നിർദ്ദേശിച്ചു. വഴിക്കടവ് പോലീസ് ഇൻസ്പെക്ടർ പ്രിൻസ് ജോസഫാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സാം കെ. ഫ്രാൻസിസ് ഹാജരായി. ശിക്ഷാ വിധിയെത്തുടർന്ന് പ്രതിയെ തവനൂർ ജയിലിലേക്ക് മാറ്റി.

