രോഗരഹിത സമൂഹത്തിന് വാക്സിനുകൾ അനിവാര്യമാണെന്നും, ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ഈ ആരോഗ്യസുരക്ഷാ മാർഗ്ഗം കുട്ടികൾക്ക് ഉറപ്പാക്കാൻ രക്ഷിതാക്കൾ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും ജില്ലാ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി.കെ അസ്ലു പറഞ്ഞു. ജപ്പാനീസ് എൻസഫലൈറ്റിസ് വാക്സിനേഷന്റെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആർ. ഗായത്രി അധ്യക്ഷത വഹിച്ചു. കൊതുകുകൾ വഴി പകരുന്നതും തലച്ചോറിനെ ബാധിക്കുന്നതുമായ വൈറസ് രോഗമാണ് ജപ്പാനീസ് എൻസഫലൈറ്റിസ്. കുട്ടികളെയാണ് ഈ രോഗം പ്രധാനമായും ബാധിക്കുന്നത്. രോഗബാധിതരിൽ 30 ശതമാനം പേർക്ക് മരണവും 50 ശതമാനം പേർക്ക് ഗുരുതരമായ വൈകല്യങ്ങളും സംഭവിക്കാൻ സാധ്യതയുണ്ട്. നിലവിൽ കൃത്യമായ ചികിത്സയില്ലാത്ത ഈ രോഗത്തെ പ്രതിരോധിക്കാനുള്ള ഏറ്റവും സുരക്ഷിതവും ഫലപ്രദവുമായ മാർഗ്ഗം വാക്സിനേഷൻ മാത്രമാണെന്ന് ചടങ്ങിൽ അധികൃതർ ഓർമ്മിപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി.കെ. ജയന്തി ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സർവ്വൈലൻസ് ഓഫീസർ ഡോ. സി ഷുബിൻ വിഷയാവതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. വിമൽ, പഞ്ചായത്തംഗം പി.വി. ശ്രീനിവാസൻ, ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. എൻ.എൻ പമീലി, ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. ഷാജി അറക്കൽ, ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ കെ.പി. സാദിഖ് അലി എന്നിവർ സംസാരിച്ചു. കൂടാതെ പി.ടി.എ പ്രസിഡന്റ് ടി.എം. പരമേശ്വരൻ, പ്രധാനധ്യാപിക എസ്. ബിന്ദു, ഫീൽഡ് സൂപ്പർവൈസർമാരായ കെ.എം. ശ്രീജിത്, കെ. ശ്യാമള, രാജേഷ് പ്രശാന്തിയിൽ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.

🔴കൂടുതൽ വാർത്തകൾ വേഗത്തിൽ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക:
*നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും* 🪀 http://wa.me/917510488184
