മഞ്ചേരിയിൽ വിൽപ്പനക്കായി സൂക്ഷിച്ച അതിമാരക രാസലഹരിയുമായി രണ്ടുപേരെ പോലീസ് പിടികൂടി. 18.67 ഗ്രാം എം.ഡി.എം.എ (MDMA) ആണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. മഞ്ചേരി പട്ടർക്കുളം സ്വദേശി പുതുശ്ശേരി വീട്ടിൽ സൈനുദ്ധീൻ, ഇയാളുടെ സഹായി കരുവമ്പ്രം വെസ്റ്റ് സ്വദേശി മൈലംപുറത്ത് വീട്ടിൽ ധനുഷ് എന്നിവരെയാണ് മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.മഞ്ചേരി ടൗൺ കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ലഹരി എത്തിച്ചുനൽകുന്ന സംഘത്തിലെ പ്രധാനികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു. പിടിച്ചെടുത്ത മരുന്നിന് ചില്ലറ വിപണിയിൽ ഏകദേശം ഒരു ലക്ഷം രൂപയോളം വില വരും. മലപ്പുറം ഡാൻസാഫ് (DANSAF) സബ് ഇൻസ്‌പെക്ടർ യാസിർ എ.എമ്മിന്റെ നേതൃത്വത്തിൽ പെരിന്തൽമണ്ണ, മലപ്പുറം ഡാൻസാഫ് ടീമുകൾ സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്. പ്രദേശം കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന.

