പൊന്നാനിയിൽ വ്യാജ സർട്ടിഫിക്കറ്റ് മാഫിയയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ പത്തുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പലഘട്ടങ്ങളിലായി നടത്തിയ അന്വേഷണത്തിൽ 20-ൽ അധികം സർവകലാശാലകളുടെ നൂറോളം വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റുകളും പോലീസ് പിടിച്ചെടുത്തു.പൊന്നാനിയിലെ വിദേശ വിദ്യാഭ്യാസ റിക്രൂട്ടിംഗ് സ്ഥാപനത്തിൽ നടത്തിയ പരിശോധനയിലാണ് കേരളത്തിനു പുറത്തെ വിവിധ സർവകലാശാലകളുടെ നൂറിലധികം വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റുകളും കണ്ടെത്തിയത്. വിതരണത്തിനായി സൂക്ഷിച്ച ഇവയുടെ അടിസ്ഥാനത്തിൽ സ്ഥാപന ഉടമ പോത്തനൂർ സ്വദേശി ഇർഷാദ്, സഹായി പുറത്തൂർ സ്വദേശി രാഹുൽ എന്നിവരെ പൊന്നാനി പോലീസ് കസ്റ്റഡിയിലെടുത്തു.

ചോദ്യം ചെയ്യലിൽ തിരുവനന്തപുരം സ്വദേശിയായ ജസീമാണ് സർട്ടിഫിക്കറ്റുകൾ എത്തിച്ചു നൽകുന്നതെന്ന് ഇവർ മൊഴി നൽകി. ബെംഗളൂരുവിലെ ഒളിസങ്കേതത്തിൽ നിന്ന് പോലീസ് ജസീമിനെ അറസ്റ്റ് ചെയ്തു. തെലങ്കാനയിലെ വ്യാജ സർട്ടിഫിക്കറ്റ് കേസിലും പ്രതിയാണ് ജസീം.തുടർന്നുള്ള ചോദ്യം ചെയ്യലിൽ, സർട്ടിഫിക്കറ്റ് നിർമ്മിച്ച് നൽകുന്നത് ‘ഡാനി’ എന്നയാളാണെന്ന് ജസീം പോലീസിനെ അറിയിച്ചു. തുടർന്ന് ശിവകാശിയിലെ വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണ കേന്ദ്രം റെയ്ഡ് ചെയ്ത പോലീസ്, ഒരു ലക്ഷത്തിലധികം വ്യാജ സർട്ടിഫിക്കറ്റ് പ്രിന്റ് ചെയ്യാനുള്ള വിവിധ യൂണിവേഴ്‌സിറ്റികളുടെ മുദ്രയോട് കൂടിയ പേപ്പറുകൾ, ഹോളോഗ്രാം, വൈസ് ചാൻസിലർ അടക്കമുള്ളവരുടെ സീലുകൾ, അത്യാധുനിക കമ്പ്യൂട്ടറുകൾ, പ്രിന്ററുകൾ എന്നിവ ഇവിടെ നിന്ന് പിടിച്ചെടുത്തു. തമിഴ്‌നാട് ശിവകാശി സ്വദേശികളായ ജൈനുൽ ആബിദ്ദീൻ, അരവിന്ദ്, വെങ്കിടേഷ് എന്നിവരെ ഇവിടെ നിന്നും അറസ്റ്റ് ചെയ്തു.പ്രതിയായ ഡാനി എന്ന ധനീഷ്, കേരളത്തിലും വിദേശത്തും അടക്കം വലിയ ആഡംബര വീടുകളും അപ്പാർട്ട്‌മെന്റുകളും ബിസിനസും സ്വന്തമാക്കിയിട്ടുള്ള ആളാണ്. ഒരാളിൽ നിന്ന് 75,000 രൂപ മുതൽ ഒന്നരലക്ഷം രൂപ വരെ ഈടാക്കിയാണ് ഇവർ വ്യാജ സർട്ടിഫിക്കറ്റുകൾ നൽകിയിരുന്നത്. ഈ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് നിരവധി ആളുകൾ വിദേശത്തു ജോലിക്ക് ചേർന്നതായും, പല വിദേശ എംബസികളിലും ഇവരുടെ വ്യാജ സർട്ടിഫിക്കറ്റുകൾ അറ്റസ്റ്റ് ചെയ്തിട്ടുള്ളതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണത്തിലേക്ക് പോലീസ് കടന്നിട്ടുണ്ട്
