വ്യാജ ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗിലൂടെ വന്‍തോതില്‍ പണം സമ്ബാദിക്കാം എന്നു വിശ്വസിപ്പിച്ച് തൃശൂര്‍ സ്വദേശിയുടെയും ഭാര്യയുടെയും പക്കല്‍നിന്നു വിവിധ കാലയളവിലായി 43 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ ഒരാള്‍ തൃശൂര്‍ റൂറല്‍ സൈബര്‍ ക്രൈം പോലീസിന്‍റെ പിടിയിലായി.മലപ്പുറം കടപ്പാടി സ്വദേശി പൂതംകുറ്റി വീട്ടില്‍ ഷാജഹാനാണു പിടിയിലായത്.
ഷെയര്‍ കണ്‍സള്‍ട്ടന്‍റാണെന്നും ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ പണം സമ്ബാദിക്കുന്നതിനു ട്രെയിനിംഗ് നല്‍കാമെന്നും മറ്റുമുള്ള വിശ്വാസയോഗ്യമായ വീഡിയോകള്‍ ഫേസ്ബുക്കിലൂടെ കണ്ട പരാതിക്കാരന്‍ കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി പരസ്യത്തില്‍ കാണിച്ചിട്ടുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തതാണു തട്ടിപ്പിന്‍റെ തുടക്കം. ലിങ്കില്‍ ക്ലിക്ക് ചെയ്ത പരാതിക്കാരനെ ഒരു വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ ചേര്‍ക്കുകയും ട്രേഡിംഗിനെപ്പറ്റിയുള്ള വീഡിയോകള്‍ അയച്ചുകൊടുത്ത് വിശ്വസിപ്പിക്കുകയും ട്രേഡിംഗിനാണെന്ന വ്യാജേന മൊബൈലില്‍ ഒരു ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിക്കുകയുമായിരുന്നു.
തുടര്‍ന്ന് തട്ടിപ്പുകാര്‍ ആവശ്യപ്പെട്ടപ്രകാരം ട്രേഡിംഗ് ചെയ്യുന്നതിനായി പ്രതികള്‍ അയച്ചുകൊടുത്ത അക്കൗണ്ടിലേക്കു പണം നിക്ഷേപിപ്പിച്ചു. നേരത്തേ ഇന്‍സ്റ്റാള്‍ ചെയ്ത ആപ്ലിക്കേഷനില്‍ ലാഭമെന്നോണം പണം വന്നതായി ഡിസ്പ്ലേ ചെയ്തുകാണിച്ചും കബളിപ്പിച്ചു. ഇത്തരത്തില്‍ ആദ്യം കണ്ട തുകകള്‍ പിന്‍വലിക്കാനും ദന്പതികള്‍ക്കു സാധിച്ചു. ഇങ്ങനെ വിശ്വാസം ആര്‍ജിച്ചശേഷം പല കാലയളവിലായി ട്രേഡിംഗിനാണെന്ന വ്യജേന 43 ലക്ഷം രൂപ വിവിധ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിപ്പിക്കുകയായിരുന്നു. നിക്ഷേപിച്ച പണംകൊണ്ട് ട്രേഡിംഗ് നടത്തി ലഭിച്ച തുകയാണെന്ന വ്യാജേന ട്രേഡിംഗ് വാലറ്റില്‍ വന്‍തുകകള്‍ കാണിച്ചിരുന്നവെങ്കിലും അതു പിന്‍വലിക്കാന്‍ സാധിച്ചിരുന്നില്ല. ഇതേപ്പറ്റി പരാതിക്കാര്‍ ചോദ്യംചെയ്തതോടെ പണം പിന്‍വലിക്കുന്നതിനു ടാക്‌സ് ഇനത്തില്‍ കൂടുതല്‍ പണം നിക്ഷേപിക്കാന്‍ തട്ടിപ്പുകാര്‍ ആവശ്യപ്പെട്ടു. ചതി മനസിലാക്കിയ പരാതിക്കാര്‍ തൃശൂര്‍ റൂറല്‍ സൈബര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
പണം തട്ടിയെടുക്കുന്നതിനു മലപ്പുറം സ്വദേശികളുടെ വിവിധ ബാങ്ക് അക്കൗണ്ടുകള്‍ തരപ്പെടുത്തിക്കൊടുത്തതിനും ഈ അക്കൗണ്ടുകളില്‍ വന്ന പണം പിന്‍വലിച്ച് കമ്മീഷന്‍വ്യവസ്ഥയില്‍ തട്ടിപ്പുകാര്‍ക്കു കൈമാറിയതിനുമാണ് ഷാജഹാന്‍ അറസ്റ്റിലായത്. ഇയാള്‍ ഉള്‍പ്പെടെ കൂടുതല്‍പേര്‍ ഇപ്രകാരം തട്ടിപ്പുകാര്‍ക്കു സഹായം ചെയ്തുകൊടുത്തിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വെളിവായിട്ടുണ്ട്.ജില്ലാ പോലീസ് മേധാവി നവനീത് ശര്‍മയുടെ നിര്‍ദേശപ്രകാരം തൃശൂര്‍ റൂറല്‍ സൈബര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വര്‍ഗീസ് അലക്‌സാണ്ടര്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com