ജോലി കഴിഞ്ഞ് രാത്രി സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെയും അവരുടെ സഹോദരനെയും ആക്രമിച്ച കേസില്‍ മൂന്ന് യുവാക്കള്‍ അറസ്റ്റിലായി. മലപ്പുറം സ്വദേശികളായ അമല്‍ (26), അഖില്‍ (30), ഫസല്‍ റഹ്‌മാൻ (29) എന്നിവരെയാണ് മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജോലി കഴിഞ്ഞ് കാവുങ്ങല്‍ ബൈപ്പാസ് റോഡിലൂടെ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെയും സഹോദരനെയും പ്രതികള്‍ തടഞ്ഞുനിർത്തുകയും ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തു. വഴിയില്‍ വാഹനം നിർത്തിയതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. ആക്രമണത്തിനിടെ യുവതിയുടെ മുഖത്ത് അടിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.