ലഖ്‌നൗ: യൂട്യൂബില്‍ നോക്കി 500 രൂപയുടെ വ്യാജ കറന്‍സി നോട്ടുകള്‍ ഉണ്ടാക്കി പ്രചരിപ്പിച്ച രണ്ട് പേര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര ജില്ലയിലാണ് സംഭവം. സതീഷ് റായ്, പ്രമോദ് മിശ്ര എന്നിവരെയാണ് പത്ത് രൂപ സ്റ്റാമ്പ് പേപ്പറില്‍ 500 രൂപയുടെ വ്യാജ കറന്‍സികള്‍ നിര്‍മിച്ചതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്തത്. പ്രതികള്‍ ഇരുവരും ചേര്‍ന്ന് 30000 രൂപയുടെ കറന്‍സി ഉണ്ടാക്കുകയും വിനിമയം നടത്തുകയും ചെയ്തതായായും പിടിച്ചെടുത്ത എല്ലാ കറന്‍സി നോട്ടുകള്‍ക്കും ഒരേ സീരിയല്‍ നമ്പറായിരുന്നുവെന്നുമാണ് പൊലീസ് റിപ്പോര്‍ട്ട്. കറന്‍സി നോട്ടുകളുടെ വിശദവിവരങ്ങള്‍ അറിയാത്തപക്ഷം അവ യഥാര്‍ത്ഥ നോട്ടുകളല്ലെന്ന് ആര്‍ക്കും തിരിച്ചറിയാന്‍ കഴിയില്ലെന്നും അഡീഷണല്‍ പൊലീസ് സൂപ്രണ്ട് കാലു സിങ് വ്യക്തമാക്കി. പ്രതികളുടെ പക്കല്‍ നിന്നും കറന്‍സി നോട്ടുകള്‍ കൂടാതെ ലാപ്‌ടോപ്പ്, പ്രിന്റര്‍, സ്റ്റാമ്പ് പേപ്പറുകള്‍, ആള്‍ട്ടോ കാര്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. മിനറല്‍ വാട്ടറിന്റെ പരസ്യങ്ങള്‍ അച്ചടിക്കുന്ന തൊഴിലാളികളാണ് ഇരുവരുമെന്നാണ് പൊലീസ് പറയുന്നത്. മിര്‍സാപൂരില്‍ നിന്ന് സ്റ്റാമ്പ് പേപ്പര്‍ വാങ്ങുകയും പിന്നാലെ യൂട്യൂബില്‍ നോക്കി നോട്ട് അച്ചടിക്കുകയുമായിരുന്നു. ഇരവരു സോന്‍ഭദ്രയിലെ രാംഗഡ് മാര്‍ക്കറ്റില്‍ 10000 രൂപയുടെ കറന്‍സിയുമായി സാധനങ്ങള്‍ വാങ്ങാന്‍ എത്തിയപ്പോഴാണ് പൊലീസിന്റെ പിടിയിലാവുന്നത്. 500 രൂപയുടെ ഇരുപതോളം കള്ളനോട്ടുകള്‍ കണ്ടെത്തിയതായും ഒറ്റ നോട്ടത്തില്‍ ഒറിജിനലായി തോന്നുന്ന നോട്ടുകളായിരുന്നു അവയെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com