Friday, October 23News That Matters
Shadow

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; മലപ്പുറം സ്വദേശിനി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

വിദേശത്ത് തൊഴിൽ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ രണ്ടുപേരെ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ മുരിങ്ങൂർ തെക്കുമുറി കോനൂർ നാലുകെട്ടിൽ കടവിൽ ഷഫീഖ് (49), മലപ്പുറം നിലമ്പൂർ പടികുളത്തുംപടി സ്വദേശിനി ഷഫ്‌ന (32) എന്നിവരാണ് പിടിയിലായത്. കൊണ്ടോട്ടിയിൽ ‘പ്ലാനറ്റ് ആൻഡ് ടൂർസ്’ എന്ന സ്ഥാപനം നടത്തുന്ന ഷഫ്നയെ വീട്ടിൽ നിന്നും, സ്ഥാപനത്തിലെ ജീവനക്കാരനായ ഷഫീഖിനെ തൃശൂർ കൊരട്ടി ലാൻഡ് ക്ലബിന് സമീപത്ത് നിന്നുമാണ് പോലീസ് പിടികൂടിയത്.

വിഴിഞ്ഞം കോട്ടപ്പുറം സ്വദേശിനി അജിതയുടെ പരാതിയിലാണ് നടപടി. ഓസ്ട്രേലിയയിലെ സൂപ്പർ മാർക്കറ്റിൽ ജോലി വാഗ്ദാനം ചെയ്ത് അജിതയിൽ നിന്നും ഭർത്താവ് അലക്സിൽ നിന്നുമായി 15,80,000 രൂപയും, ഇവരുടെ ബന്ധുവിൽ നിന്ന് 5,40,000 രൂപയും പ്രതികൾ പലപ്പോഴായി ബാങ്ക് വഴി തട്ടിയെടുക്കുകയായിരുന്നു. തട്ടിപ്പ് മനസ്സിലായതോടെ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. കൂടാതെ, ലണ്ടനിൽ ജോലി വാഗ്ദാനം ചെയ്ത് ഇതേ സംഘം മറ്റൊരു വനിതയിൽ നിന്ന് അഞ്ചു ലക്ഷത്തിലേറെ രൂപ കൈപ്പറ്റിയതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ 10-ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. ഇസ്രായേലിൽ ജോലി വാഗ്ദാനം ചെയ്ത് അഞ്ച് ലക്ഷം രൂപ തട്ടിയ കേസിൽ രണ്ട് തമിഴ്നാട് സ്വദേശികളെ കഴിഞ്ഞ ആറിന് വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സമാനമായ മറ്റൊരു കേസിൽ കൂടി അറസ്റ്റുണ്ടാകുന്നത്.

⊶⊷⊶⊷❍❍⊶⊷⊶⊷

*നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും*

🪀 http://wa.me/917510488184

⊶⊷⊶⊷❍❍⊶⊷⊶⊷

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL