Thursday, September 18News That Matters
Shadow

വിസ വാഗ്ദാനം ചെയ്ത് 13 ലക്ഷം തട്ടിയെടുത്ത രണ്ട് പേർ അറസ്റ്റിൽ

തൃശൂർ: വിസ വാഗ്ദാനം ചെയ്ത് അരിമ്പൂർ സ്വദേശിനിയുടെ 13 ലക്ഷം തട്ടിയെടുത്ത രണ്ട് പേർ അറസ്റ്റിൽ. കോട്ടയം ഏറ്റുമാനൂർ നീലിമംഗലം സ്വദേശി കൃഷ്ണകൃപ സാഗരം വീട്ടിൽ രഞ്ജിതയെ (33) ഇടപ്പള്ളിയിൽ നിന്നും, കോട്ടയം ചെന്നാനിക്കാട് മുറ്റുത്തറ വീട്ടിൽ അനൂപ് വർഗീസിനെ (36) കോട്ടയത്ത് നിന്നുമാണ് തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്തിക്കാട് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. അരിമ്പൂർ സ്വദേശിനിയായ യുവതിയിൽ നിന്ന് യു.കെ.യിൽ കെയർ അസിസ്റ്റന്റ് നഴ്സ് ജോലിക്കായി വിസ ശരിയാക്കിക്കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയ കേസിലാണ് അറസ്റ്റ് ചെയ്തത്. 2023 സെപ്റ്റംബർ 23 മുതൽ 2024 ഫെബ്രുവരി 27 വരെയുള്ള കാലയളവിൽ പല തവണകളിലായി പതിമൂന്ന് ലക്ഷം രൂപയാണ് പ്രതികൾ തട്ടിയെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. രഞ്ജിത എറണാംകുളം തൃക്കാര പൊലീസ് സ്റ്റേഷനിലും, തൃശ്ശൂർ, ഒല്ലൂർ പൊലീസ് സ്റ്റേഷനിലും ഓരോ തട്ടിപ്പ് കേസുകളിൽ പ്രതിയാണ്.

പരാതിക്കാരി വിസ ശരിയാക്കുന്നതിനായി പാസ്പോർട്ടും മറ്റ് രേഖകളും പ്രതികൾക്ക് കൈമാറിയിരുന്നു. എന്നാൽ യുവതിക്ക് വിസ ലഭിച്ചില്ല എന്ന് മാത്രമല്ല, തെറ്റായി രേഖകൾ നൽകിയതിന് പത്ത് കൊല്ലത്തേക്ക് യു.കെ യിലേക്ക് പോകുന്നത് വിലക്കി എന്നറിയിച്ചു കൊണ്ടുള്ള ഇ മെയിൽ ആണ് യു.കെ. ഹോം ഓഫീസിൽ നിന്ന് പരാതിക്കാരിക്ക് ലഭിച്ചത്. തുടർന്ന് പ്രതികളെ നിരന്തരം ബന്ധപ്പെട്ടെങ്കിലും പണം തിരികെ കൊടുക്കാതെ ഒഴിഞ്ഞുമാറുകയായിരുന്നു. പരാതിക്കാരി യു.കെ.യിൽ കെയർ അസിസ്റ്റന്റ് നഴ്സ് ജോലിക്കായി ശ്രമിക്കുന്ന സമയത്ത് കുറെയധികം ഏജൻസികളിലേക്ക് സി.വി. അയച്ചിരുന്നു. ഇത് പ്രകാരം എടപ്പിള്ളി ദേവൻകുളങ്ങര ചങ്ങമ്പുഴ പാർക്ക് റോഡിലുള്ള വേലോമാക്സ് ഏജൻസി നടത്തുന്ന പ്രതികൾ പരാതിക്കാരിയെ വിളിച്ച് യു.കെ യിൽ വേക്കൻസി ഉണ്ടെന്നും വിസ ശരിയാക്കിക്കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പണം തട്ടിയെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL