Friday, November 14News That Matters
Shadow

ഒന്നര ദിവസം വീട്ടമ്മയെ വിഡിയോ കോളില്‍ ബന്ദിയാക്കി; പൊലീസ് വേഷത്തില്‍ വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്

തൃശൂര്‍: ചാലക്കുടിയില്‍ ഒന്നര ദിവസം വീട്ടമ്മയെ വിഡിയോ കോളില്‍ ബന്ദിയാക്കി ഓണ്‍ലൈന്‍ തട്ടിപ്പ്. മേലൂര്‍ സ്വദേശി ട്രീസയാണ് തട്ടിപ്പിനിരയായത്. സംഭവത്തില്‍ സൈബര്‍ പൊലീസിനു വീട്ടമ്മ പരാതി നല്‍കി. പൊലീസ് വസ്ത്രം ധരിച്ച് വിഡിയോ കോളിലൂടെയാണ് തട്ടിപ്പുകാരന്‍ എത്തിയത്. ട്രീസയുടെ സിമ്മിന്റെ ഡ്യൂപ്ലിക്കേറ്റ് സന്ദീപ് എന്നയാള്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചെന്ന് വിശ്വസിപ്പിച്ചു മുറിക്ക് പുറത്തിറങ്ങരുതെന്നും വിവരം പുറത്തു പോയാല്‍ സന്ദീപിന്റെ കൂട്ടാളികള്‍ കൊലപ്പെടുത്തുമെന്നും തട്ടിപ്പുകാരന്‍ ഭീഷണിപ്പെടുത്തി. ഇതോടെ ഒന്നര ദിവസം വീട്ടമ്മ മുറിക്കുള്ളില്‍ തന്നെ കഴിഞ്ഞു. ഇതിനിടയില്‍ ബാങ്കില്‍ ഉണ്ടായിരുന്ന മൂന്ന് ലക്ഷത്തോളം രൂപ സര്‍ക്കാര്‍ അക്കൗണ്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍ അറിയില്ലെന്ന് പറഞ്ഞതോടെ ബാങ്കില്‍ നിന്ന് നിക്ഷേപിക്കാന്‍ നിര്‍ദ്ദേശിച്ചു. 26,0000 തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ട്രീസ ബാങ്കിലെത്തി. അപ്പോഴും വിവരം പുറത്തു പറഞ്ഞില്ല. അക്കൗണ്ടിന്റെ ലിമിറ്റ് കുറവായതിനാല്‍ പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ആയില്ല. ഇതോടെ ഗൂഗിള്‍ പേ വഴി ചെയ്യാനായി നിര്‍ദ്ദേശം. പല ഗഡുക്കളായി 40000 രൂപയോളം ട്രാന്‍സ്ഫര്‍ ചെയ്തു. പല നമ്പറുകളിലേക്ക് പണം നിക്ഷേപിച്ചതോടെ ട്രീസയ്ക്ക് സംശയം തോന്നി. അയല്‍വാസിയോട് വിവരം പറഞ്ഞതോടെയാണ് തട്ടിപ്പ് പുറത്തായത്. സംഭവത്തില്‍ സൈബര്‍ സെല്ലില്‍ അടക്കം പരാതി നല്‍കിയിരിക്കുകയാണ് വീട്ടമ്മ.

Video

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

Comments (0)

Your email address will not be published. Required fields are marked *

MTN NEWS CHANNEL