Wednesday, April 15News That Matters
Shadow

വെളിമുക്കിൽ തെങ്ങ് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന KSEB ഓവർസിയർ മരണപ്പെട്ടു

മലപ്പുറം: തിരൂരങ്ങാടി മൂന്നിയൂർ വെളിമുക്കിൽ വിവാഹസൽക്കാരത്തിനിടെ തെങ്ങ് വീണ് പരിക്കേറ്റ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ മരണപ്പെട്ടു. വെളിമുക്ക് ആലുങ്ങൽ മണ്ണട്ടാംപാറ സ്വദേശിയും കെ.എസ്.ഇ.ബി ഓവർസിയറുമായ തുമ്പാണി സുനിൽകുമാർ (57) ആണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. കഴിഞ്ഞ മാർച്ച് 30-ന് വെളിമുക്ക് ആലുങ്ങലുള്ള ബന്ധുവീട്ടിൽ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു ദാരുണമായ അപകടം സംഭവിച്ചത്. സൽക്കാരം കഴിഞ്ഞ് ബൈക്കിൽ മടങ്ങാൻ ഒരുങ്ങുന്നതിനിടെ സമീപത്തുണ്ടായിരുന്ന തെങ്ങ് കടപുഴകി സുനിലിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. അപകടത്തിൽ കൂടെയുണ്ടായിരുന്ന ബന്ധു ശരത്തിനും പരിക്കേറ്റിരുന്നു.

ഗുരുതരമായി പരിക്കേറ്റ സുനിലിനെ ഉടൻ തന്നെ ചേളാരിയിലെ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ നില വഷളാവുകയും ഇന്ന് മരണത്തിന് കീഴടങ്ങുകയുമായിരുന്നു. കൂടെ പരിക്കേറ്റ ശരത് നേരത്തെ ആശുപത്രി വിട്ടിരുന്നു. പരേതനായ തുമ്പാണി വിശ്വനാഥന്റെയും പാർവ്വതിയുടെയും മകനാണ് അവിവാഹിതനായ സുനിൽകുമാർ. സജി, ഗീത, ശൈജ, ഷീജ എന്നിവർ സഹോദരങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL