മലപ്പുറം പ്രസംഗത്തിന്റെ പേരിലുണ്ടായ വിവാദത്തിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പിന്തുണയുമായി നാഷനൽ ലീഗ് നേതാക്കൾ. സംസ്ഥാന പ്രസിഡന്‍റ് പ്രഫ. എ.പി. അബ്ദുല്‍ വഹാബ്, ഓര്‍ഗനൈസിങ് സെക്രട്ടറി എന്‍.കെ. അബ്ദുല്‍ അസീസ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സെയ്ത് ഷബീല്‍ ഹൈദ്രോസ് തങ്ങള്‍, വൈസ് പ്രസിഡന്‍റ് എച്ച്. മുഹമ്മദാലി എന്നിവരാണ് കണിച്ചുകുളങ്ങരയിലെ വസതിയിലെത്തി പിന്തുണയറിയിച്ചത്.ചില രാഷ്ട്രീയ മേലാളന്മാരുടെയും പ്രമാണിമാരുടെയും രാഷ്ട്രീയ താല്‍പര്യവും തന്ത്രങ്ങളും സാമൂഹിക വിവേചനത്തിന് കാരണമാകുന്നുവെന്ന യാഥാര്‍ഥ്യമാണ് വെള്ളാപ്പള്ളി പറഞ്ഞത്. ഇതിന്‍റെ പേരിലാണ് തെറ്റായ പ്രചാരണങ്ങളും ഗൂഢനീക്കങ്ങളുമെന്ന് നാഷനല്‍ ലീഗ് നേതാക്കള്‍ സന്ദര്‍ശനശേഷം മാധ്യമങ്ങളോട് പറഞ്ഞു.അതേസമയം, വെള്ളാപ്പള്ളിയെ ചെന്ന് കണ്ടത് പാർട്ടിക്കാരല്ലെന്ന് ഐ.എൻ.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂർ അറിയിച്ചു. മലപ്പുറം ജില്ലക്കെതിരെ കടുത്ത ഭാഷയില്‍ അധിക്ഷേപങ്ങള്‍ നടത്തിയ വെള്ളാപ്പള്ളി നടേശനെ അദ്ദേഹത്തിൻ്റെ വസതിയില്‍ ചെന്ന് കണ്ടത് ഐ.എൻ.എല്‍ നേതാക്കളെന്ന റിപ്പോർട്ട് വസ്തുതക്ക് നിരക്കുന്നതല്ല. മൂന്ന് കൊല്ലം മുമ്ബ് ഗുരുതരമായ അച്ചടക്ക ലംഘനത്തിൻ്റെ പേരില്‍ പാർട്ടിയില്‍ നിന്ന് പുറത്താക്കിയവരാണിവരെന്നും കാസിം ഇരിക്കൂർ അറിയിച്ചു.
