തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെൻഷൻ അർഹതാ മാനദണ്ഡങ്ങളിൽ നിന്ന് എയർകണ്ടീഷണർ ഒഴിവാക്കിയതായി ഉത്തരവിറങ്ങി എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളിൽ വ്യക്തത വരുത്തി അധികൃതർ. വിഷയത്തിൽ നിലവിൽ പുതിയ ഉത്തരവുകളൊന്നും ഇറങ്ങിയിട്ടില്ലെന്നും, വിഷയം സർക്കാരിന്റെ സജീവ പരിഗണനയിലാണെന്നും വ്യക്തമാക്കപ്പെട്ടു.
മാരകരോഗങ്ങൾ ബാധിച്ചവർക്കും വാർദ്ധക്യസഹജമായ അവശതകൾ അനുഭവിക്കുന്നവർക്കും ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ഘടിപ്പിക്കുന്ന എ.സിയുടെ പേരിൽ അർഹമായ പെൻഷൻ നിഷേധിക്കപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി സർക്കാരിന് നിരവധി നിവേദനങ്ങൾ ലഭിച്ചിരുന്നു. മനുഷ്യത്വപരമായ സമീപനത്തോടെ വിഷയം കൈകാര്യം ചെയ്യാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. എന്നാൽ അധിക സാമ്പത്തിക ബാധ്യത ഉൾപ്പെടുന്ന കാര്യമായതിനാൽ വിഷയം ധനകാര്യ വകുപ്പിന്റെ വിശദമായ പരിശോധനയ്ക്കായി വിട്ടിരിക്കുകയാണ്. നിലവിൽ ഇതിൽ പഠനം തുടരുകയാണ്. ഇതിനിടെ മാനദണ്ഡത്തിൽ ഇളവ് നൽകി ഉത്തരവിറങ്ങിയെന്ന തരത്തിൽ വാർത്തകൾ വന്നതോടെ ഉത്തരവിന്റെ പകർപ്പന്വേഷിച്ച് ആളുകൾ ഓഫീസുകളെ സമീപിക്കുന്ന സാഹചര്യമുണ്ടായി. ഇതോടെയാണ് 2020-ലെ നിലവിലെ ഉത്തരവ് മുൻനിർത്തി വകുപ്പ് വിശദീകരണം നൽകിയത്. ആവശ്യങ്ങൾ തള്ളിക്കളഞ്ഞിട്ടില്ലെന്നും, വകുപ്പുതല ചർച്ചകൾക്ക് ശേഷം അന്തിമ തീരുമാനം സർക്കാർ ഉടൻ പ്രഖ്യാപിക്കുമെന്നും അറിയിച്ചു.
