Thursday, September 18News That Matters
Shadow

ആ പരാതി പിന്‍വലിക്കണം’; അന്‍വറിനെ സ്വാധീനിക്കാന്‍ മലപ്പുറം മുന്‍ എസ്പിയുടെ ശ്രമം

മലപ്പുറം: പൊലീസ് ക്യാംപ് ഓഫീസില്‍ നിന്ന് മരങ്ങള്‍ മുറിച്ചു മാറ്റിയെന്ന ആരോപണത്തില്‍ നിലമ്ബൂര്‍ എംഎല്‍എ പിവി അന്‍വറിനെ സ്വാധീനിക്കാന്‍ മലപ്പുറം മുന്‍ എസ്പി സുജിത് ദാസിന്റെ ശ്രമം.മരംമുറിയുമായി ബന്ധപ്പെട്ട് എംഎല്‍എ നല്‍കിയ പരാതി പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് സുജിത് ദാസ് അന്‍വറുമായി സംസാരിക്കുന്നതിന്റെ ഫോണ്‍ സംഭാഷണം പുറത്തായി. നിലവിലെ എസ്പിയുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നത്തില്‍ തന്റെ പേര് വലിച്ചിഴയ്ക്കരുത് എന്നാണ് സുജിത് ദാസിന്റെ അപേക്ഷ.

താന്‍ എസ്പിയാകുന്നതിന് മുന്‍പ് നടന്ന കാര്യങ്ങളാണ് ഇതെന്നും ഒരുപാട് മാനസിക സംഘര്‍ഷത്തിലൂടെയാണ് താന്‍ പോകുന്നത് എന്നും സുജിത് ദാസ് പറയുന്നുണ്ട്. തന്നെ രക്ഷപ്പെടുത്തണമെന്നും മുന്‍ എസ്പി എംഎല്‍എയോട് അപേക്ഷിക്കുന്നുണ്ട്. കഴിഞ്ഞ മൂന്നുവര്‍ഷം താന്‍ മലപ്പുറത്ത് ജോലി ചെയ്തിട്ടുണ്ട് എന്നും പൊലീസിന്റെ ജോലിയും നന്നായി ചെയ്തയാളാണ് താനെന്നും അദ്ദേഹം പറയുന്നു.ഞാന്‍ ചെയ്തത് തെറ്റാണെന്ന് എന്റെ താഴെയുള്ള സഹപ്രവര്‍ത്തകരോട് എല്ലാവരോടും പറഞ്ഞ്, എന്റെ കൂടെ ജോലി ചെയ്തിരുന്ന എല്ലാ സഹപ്രവര്‍ത്തകരെയും ദ്രോഹിച്ചുകൊണ്ടിരിക്കുകയാണ്. ഇതൊന്നും ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. എന്നെ ഇത്രയും ഉപദ്രവിച്ചുകൊണ്ടിരിക്കുന്ന ആളാണ് അത്. നിങ്ങള്‍ സമ്മേളനത്തില്‍ അത്രയും പറഞ്ഞപ്പോള്‍ ഞാന്‍ മനസുകൊണ്ട് സന്തോഷിച്ചിരുന്നു,’ സുജിത് ദാസ് പറയുന്നു.

എന്നാല്‍ ഇപ്പോള്‍ എല്ലാവരും ചേര്‍ന്ന് തന്നെ വളഞ്ഞിട്ട് ആക്രമിക്കുകയാണ് എന്നും എംഎല്‍എ ചെയ്ത കാര്യങ്ങളില്‍ കൂടെ നില്‍ക്കുന്നുണ്ടെങ്കിലും കഴിഞ്ഞ ദിവസം കൊടുത്ത പരാതി പിന്‍വലിക്കണം എന്നുമാണ് സുജിത് ദാസ് ആവശ്യപ്പെടുന്നത്. അത് തനിക്കെതിരെയുള്ള പരാതിയാണ് എന്നും ഒരുവിധത്തില്‍ ഇവിടെ സമാധാനത്തില്‍ ഇരിക്കുകയാണ് എന്നുമാണ് സുജിത് പറയുന്നത്. അതേസമയം തന്റെ പാര്‍ക്കില്‍ നിന്നും റോപ്പ് വേ മോഷണം പോയിട്ട് എസ് പി അന്വേഷിച്ച്‌ കണ്ടെത്തിയില്ലെന്നും അത് പൊലീസിംഗിന്റെ വീഴ്ചയല്ലേ എന്നും എംഎല്‍എ തിരിച്ചു ചോദിക്കുന്നു. നിലവിലെ എസ്പി സത്യസന്ധനാണ് എന്നാണ് എല്ലാവരും പറഞ്ഞ് കൊണ്ടിരിക്കുന്നത് എന്നും എന്നാല്‍ അയാള്‍ താമസിക്കുന്ന വീട്ടില്‍ നിന്നും ഒരു മരം പോയാല്‍ അദ്ദേഹം അതിനെതിരെ ഒരു അന്വേഷണമെങ്കിലും നടത്തണ്ടെയെന്നും എംഎല്‍എ ചോദിക്കുന്നു.

56000 രൂപ സോഷ്യല്‍ ഫോറസ്ട്രി വിലയിട്ട തേക്ക് 20000 രൂപയ്ക്ക് ലേലം ചെയ്യുന്നത് എങ്ങനെയാണ് എന്നും മഹാഗണിയുടെ പകുതി ഭാഗം മുറിച്ച്‌ പോയത് എന്തിനാണ് എന്നും അന്‍വര്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ ഇതെല്ലാം മറ്റുള്ളവര്‍ എംഎല്‍എയെ പറഞ്ഞ് തെറ്റിധരിപ്പിച്ചതാണെന്നായിരുന്നു സുജിത് ദാസിന്റെ പ്രതികരണം. എന്നാല്‍ സോഷ്യല്‍ ഫോറസ്ട്രി തന്നെയാണ് ഇക്കാര്യം തന്നോട് വെളിപ്പെടുത്തിയതെന്ന് അന്‍വര്‍ പറയുന്നുണ്ട്.ഇതിന് തനിക്ക് മുമ്ബ് കരീമിന്റെ കാലഘട്ടത്തില്‍ നടന്ന കാര്യങ്ങളാണ് ഇപ്പോള്‍ എല്ലാവരും തനിക്കെതിരെ ആരോപിക്കുന്നത് എന്നും ആദ്യം ലേലം വെച്ചപ്പോള്‍ ആരും വന്നില്ല എന്നും ഓരോ ലേലത്തിലും ആള് വരാതായതോടെ വില കുറഞ്ഞതാണ് എന്നുമാണ് സുജിത് അവകാശപ്പെടുന്നത്. വീടിന്റെ മുകളിലേക്ക് കിടന്ന മഹാഗണിയുടെ കൊമ്ബുകളാണ് മുറിച്ചത് എന്നും ഇത് ലേലം ചെയ്ത് പോയതിന്റെ പേപ്പറുകള്‍ എംഎല്‍എയ്ക്ക് പ്രിന്റെടുത്ത് കൊണ്ടുതരാം എന്നും മുന്‍ എസ്പി പറയുന്നുണ്ട്.

നിലവിലെ മലപ്പുറം എസ്പി ശശിധരനുമായി കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി പിവി അന്‍വര്‍ ഇടഞ്ഞിട്ടാണ്. ഐപിഎസ് അസോസിയേഷന്റെ സമ്മേളനത്തിന് വൈകി വന്ന ശശിധരനെ അന്‍വര്‍ പരസ്യമായി ശാസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം ക്യാംപ് ഓഫീസിലെ മരം മുറിച്ചു മാറ്റി എന്ന ആരോപണവുമായി അന്‍വര്‍ രംഗത്തെത്തിയത്. ഇത് അന്വേഷിക്കാനെത്തിയ എംഎല്‍എയെ ക്യാംപ് ഓഫീസിനുള്ളിലേക്ക് കടത്തി വിട്ടിരുന്നില്ല.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL