കാക്കനാട് അത്താണിയിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിയുടെ സ്കൂൾ ബാഗിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. അത്താണി എളവക്കാട്ട് അബ്ദുൾ അസീസിന്റെ വീട്ടിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ഇന്നലെ വൈകിട്ട് ട്യൂഷൻ കഴിഞ്ഞെത്തിയ കുട്ടി തന്റെ ബാഗ് ഹാളിലെ മേശയ്ക്ക് താഴെയായിരുന്നു വെച്ചിരുന്നത്. രാവിലെ വീട് വൃത്തിയാക്കുന്നതിനിടെ വീട്ടുജോലിക്കാരി ബാഗ് മാറ്റാൻ ശ്രമിച്ചപ്പോഴാണ് അസാധാരണമായ ഭാരം അനുഭവപ്പെട്ടത്. സംശയം തോന്നി പരിശോധിച്ചപ്പോൾ ഉള്ളിൽ ചുരുണ്ടുകൂടിയിരിക്കുന്ന നിലയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തുകയായിരുന്നു.പാമ്പിനെ കണ്ട് ഭയന്നുപോയ വീട്ടുകാർ ഉടൻ തന്നെ ബാഗ് മുറ്റത്തേക്ക് എറിയുകയും ചാക്കിട്ടു മൂടുകയും ചെയ്തു. തുടർന്ന് വനംവകുപ്പിന്റെ ‘സർപ്പ’ റെസ്ക്യൂ ടീമിനെ വിവരം അറിയിച്ചു. എളമക്കര സ്വദേശിയും പാമ്പ് പിടുത്ത വിദഗ്ധനുമായ റിൻഷാദ് സ്ഥലത്തെത്തി അതീവ ജാഗ്രതയോടെ മൂർഖനെ പിടികൂടി വനംവകുപ്പിന് കൈമാറി. പുറത്ത് അന്തരീക്ഷ താപനില വർദ്ധിക്കുമ്പോൾ തണുപ്പ് തേടി വീടിനുള്ളിൽ കയറുന്ന പാമ്പുകൾ സുരക്ഷിതമായ ഇടം എന്ന നിലയിൽ ബാഗുകൾക്കുള്ളിലോ മറ്റോ അഭയം പ്രാപിക്കാറുണ്ടെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. കുട്ടി ബാഗ് തുറക്കുന്നതിന് മുൻപ് പാമ്പിനെ കണ്ടെത്താനായതിനാൽ വലിയൊരു അപകടമാണ് ഒഴിവായത്.

