സതേൺ റെയിൽവേയുടെ വികസന പദ്ധതികളുമായി ബന്ധപ്പെട്ട് തിരൂർ റെയിൽവേ സ്റ്റേഷന് നിർണ്ണായക നേട്ടങ്ങൾ. ചെന്നൈയിൽ ചേർന്ന സതേൺ റെയിൽവേ യൂസേഴ്സ് കൺസൽറ്ററ്റീവ് കമ്മിറ്റി യോഗത്തിലാണ് യാത്രക്കാർക്ക് ഏറെ പ്രതീക്ഷ നൽകുന്ന തീരുമാനങ്ങൾ ഉണ്ടായത്. തിരൂർ റെയിൽവേ സ്റ്റേഷനിൽ സതേൺ റെയിൽവേയുടെ മെഡിക്കൽ ഫെസിലിറ്റീസ് സെന്റർ തുടങ്ങണമെന്ന കമ്മിറ്റി അംഗം എ.കെ.എ നസീറിന്റെ ആവശ്യത്തിന് ജനറൽ മാനേജർ ആർ.എൻ സിംഗ് അനുകൂല മറുപടി നൽകി. യാത്രക്കാരുടെ ദീർഘകാല ആവശ്യമായ തിരുവനന്തപുരം – കാസർഗോഡ് വന്ദേ ഭാരത് എക്സ്പ്രസിന് (20634, 20633) തിരൂരിൽ സ്റ്റോപ്പ് അനുവദിക്കുന്ന കാര്യത്തിൽ റെയിൽവേ ബോർഡിനോട് ശുപാർശ ചെയ്യാൻ യോഗത്തിൽ തീരുമാനമായി. ഇതിനു പുറമെ, ചെന്നൈയിൽ നിന്ന് മംഗലാപുരത്തേക്ക് പുതിയ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ആരംഭിക്കണമെന്ന ആവശ്യത്തിലും റെയിൽവേ ബോർഡിന് ശുപാർശ നൽകുമെന്ന് ജി.എം ഉറപ്പുനൽകിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ റെയിൽവേ യാത്രാസൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിൽ ഈ തീരുമാനങ്ങൾ വലിയ മാറ്റമുണ്ടാക്കും.

