തിരുവനന്തപുരം: സംസ്ഥാനത്ത് സജീവ ചര്‍ച്ചയായി നിലനില്‍ക്കുന്ന പൊലീസ് മര്‍ദനം സംബന്ധിച്ച ആക്ഷേപങ്ങളില്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖരന്‍. കസ്റ്റഡി മര്‍ദനം ഉള്‍പ്പെടെ കേരള പൊലീസിന്റെ ഇടപെടലുകള്‍ക്ക് എതിരെ വ്യാപക വിമര്‍ശനം ഉയരുന്നതിനിടെയാണ് സംസ്ഥാന പൊലീസ് മേധാവി നിലപാട് വ്യക്തമാക്കുന്നത്. പരാതിയുമായി എത്തുന്നവര്‍ക്ക് പൊലീസ് സ്റ്റേഷനുകള്‍ സുരക്ഷിതമായ ഇടമാക്കിമാറ്റും. പൊലീസ് മര്‍ദനം സംബന്ധിച്ച ആരോപണങ്ങളില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അതിവേഗം നടപടി ഉണ്ടാകും എന്നും സംസ്ഥാന പൊലീസ് മേധാവി വ്യക്തമാക്കുന്നു. കസ്റ്റഡി മര്‍ദനം സംബന്ധിച്ച ആരോപണങ്ങളില്‍ കൃത്യമായ അന്വേഷണം ഉണ്ടാകും. ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടികള്‍ വൈകില്ല. നടപടി വൈകുന്നു എന്ന ആക്ഷേപങ്ങള്‍ പരിശോധിക്കും. പൊലീസിന് എതിരായ വിമര്‍ശനങ്ങള്‍ കൃത്യമായി പരിശോധിക്കും, മര്‍ദന മുറകളുമായി മുന്നോട്ട് പോയാല്‍ ഇത്തരം ഉദ്യോഗസ്ഥരെ സേനയില്‍ തുടരാന്‍ അനുവദിക്കില്ലെന്നും സംസ്ഥാന പൊലീസ് മേധാവി മാധ്യമങ്ങളോട് പ്രതികരിച്ചു.
