Wednesday, September 17News That Matters
Shadow

കുട്ടികളുമായി ഉല്ലാസയാത്രക്ക് പോയി മടങ്ങി വരുന്നുവെന്ന വ്യാജേന MDMA കടത്തിയ യുവതിയുള്‍പ്പെടെ നാലുപേര്‍ പിടിയിലായി

തിരുവനന്തപുരം: കുട്ടികളുമായി ഉല്ലാസയാത്രക്ക് പോയി മടങ്ങിവരുന്നുവെന്ന വ്യാജേന എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും കടത്തിയ യുവതിയുള്‍പ്പെടെ നാലുപേര്‍ പിടിയിലായി. വട്ടിയൂര്‍ക്കാവ് ഐഎഎസ് കോളനിയില്‍ വാടകയ്ക്ക് താമസിക്കുന്ന ശ്യാം(35) ഇയാളുടെ പെണ്‍സുഹൃത്ത് രശ്മി(31), ആര്യനാട് കടുവാക്കുഴി കുരിശടിയില്‍ നൗഫല്‍ മന്‍സിലില്‍ മുഹമ്മദ് നൗഫല്‍(24), രാജാജി നഗര്‍ സ്വദേശി സഞ്ജയ്(26) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളിലൊരാളായ രശ്മിയുടെ കുട്ടികളും കാറിലുണ്ടായിരുന്നു. ഉല്ലാസയാത്രക്ക് പോയി മടങ്ങിവരുന്നുവെന്ന വ്യാജേനയാണ് കുട്ടികളെയും സംഘത്തില്‍ ഉള്‍പ്പെടുത്തിയിരുന്നതെന്നാണ് പൊലീസ് പറയുന്നത്. ബൈപ്പാസിലെ കോവളം ജങ്ഷനില്‍വെച്ച് നടത്തിയ പരിശോധനയില്‍ കാറിനുളളില്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ അരക്കിലോ എംഡിഎംഎ, ഒന്‍പതുഗ്രാം ഹൈബ്രിഡ് കഞ്ചാവ് എന്നിവ സിറ്റി ഡാന്‍സാഫ് കണ്ടെടുത്തു. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും സംഘം കസ്റ്റഡിയിലെടുത്തു. കാറില്‍ മയക്കുമരുന്ന് കടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ഡാന്‍സാഫ് സംഘം കോവളത്ത് മഫ്തിയിലുണ്ടായിരുന്നു. പൊലീസ് പിന്‍തുടരുന്നു എന്ന സംശയത്തെ തുടര്‍ന്ന് കാറുമായി രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും ഡാന്‍സാഫ് സംഘം പിന്‍തുടര്‍ന്ന് പിടികൂടുകയായിരുന്നു.കൊല്ലം ചാത്തന്നൂരില്‍ നിന്ന് മൂന്നുമാസം മുന്‍പ് പണയത്തിനെടുത്ത കാറിലായിരുന്നു സംഘം മയക്കുമരുന്ന് കടത്തിയത്. ബംഗളൂരുവില്‍ നിന്ന് മയക്കുമരുന്നുമായി ശ്യാമും രശ്മിയും തമിഴ്നാട്ടിലെ കാവല്ലൂരെത്തുകയും സുഹൃത്തുക്കളോട് കാറുമായി അവിടെ എത്താന്‍ ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്ന് കന്യാകുമാരിയിലെത്തിയ സംഘം തീരദേശ റോഡുവഴിയാണ് കോവളത്ത് എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL