മസ്കത്ത്: പൊലീസ് ഉദ്യോഗസ്ഥർ എന്ന വ്യാജേന വിഡിയോ കോൾ ചെയ്തു തട്ടിപ്പ് നടത്തുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ്. വിഡിയോ കോൾ വഴിയുള്ള ആൾമാറാട്ട തട്ടിപ്പുകൾ ഒമാനിൽ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് പൊലീസ് സമൂഹമാധ്യമങ്ങളിലൂടെ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥരാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് തട്ടിപ്പുകാർ ഇരകളെ വിഡിയോ കോൾ ചെയ്യുന്നത്. വ്യാജ ഇ – മെയിൽ ഐഡി (omanroyalpolice087@gmail.com ) ഉപയോഗിച്ചാണ് ഇത്തരം തട്ടിപ്പ് സംഘങ്ങൾ ആളുകളെ ബന്ധപ്പെടുന്നത്. പൊലീസിന്റെ ഔദ്യോഗിക യൂണിഫോം ധരിച്ചു വ്യജ ഐ.ഡി കാർഡ് കാണിച്ചാണ് സംഘം ആളുകളെ വലയിലാക്കുന്നത്. വ്യക്തിപരമോ സാമ്പത്തികമോ ആയ വിവരങ്ങൾ, ബാങ്ക് വിശദാംശങ്ങൾ, ഐ.ഡി നമ്പറുകൾ തുടങ്ങിയ വിവരങ്ങളാണ് ഈ തട്ടിപ്പ് സംഘം ആവശ്യപ്പെടുന്നത്. ഇവ നൽകിയിട്ടില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും സംഘം ഭീഷണിപ്പെടുത്തുന്നു. ഏതെങ്കിലും കാരണവശാൽ ഒമാൻ പൊലീസ് നേരിട്ട് വിളിക്കുകയാണെങ്കിൽ പോലും വിളിക്കുന്നയാളുടെ ഐഡന്റിറ്റി പരിശോധിച്ചു ഉറപ്പ് വരുത്താതെ വ്യക്തിപരമോ സാമ്പത്തികമോ ആയ ഒരു വിവരങ്ങളും പങ്കിടരുതെന്നും പൊതുജനങ്ങൾ ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണമെന്നും റോയൽ ഒമാൻ പൊലീസ് ആവശ്യപ്പെട്ടു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

